കോഴിക്കോട്: വിദ്യാരംഭ ചടങ്ങുകളോടെ കോഴിക്കോട് കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവത്തിന് സമാപനമായി. ഗോവ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഹരിലാൽ ബി. മേനോൻ, സിനിമ താരം വിധുബാല എ ഗോപാലകൃഷ്ണൻ, സ്വാമി നരസിംഹാനന്ദ തുടങ്ങിയവർ കുട്ടികൾക്ക് ഹരിശ്രീ പകർന്ന് നൽകി.
ആർട്ടിസ്റ്റ് മദനൻ ചിത്രകലാ വിദ്യാരംഭത്തിനും ഗായത്രി മധുസൂദനൻ നൃത്ത വിദ്യാരംഭത്തിനും നേതൃത്വം നൽകി. പ്രായഭേദമില്ലാതെയാണ് ചിത്രകലാ വിദ്യാരംഭവും നൃത്ത വിദ്യാരംഭവും നടത്തിയത്. കുട്ടികളുടെ ബുദ്ധി വളർച്ചയ്‌ക്കുതകുന്ന സാരസ്വതഘൃതവും അക്ഷര കഷായവും വിതരണം ചെയ്തു.
അതേസമയം തിരുവനന്തപുരം ശ്രീ ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി സംഘടിപ്പിച്ച നവരാത്രി അക്ഷര പൂജയും നൃത്ത സംഗീതോത്സവവും സമാപിച്ചു. സമാപന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെ ആദരിച്ചു. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതി പുരസ്‌കാരം സംരംഭകനും ചലച്ചിത്ര നിർമ്മാതാവുമായ ഡോ.എ.വി. അനൂപിന് സമ്മാനിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, വിഎസ്എസ്‌സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ, മണക്കാട് രാമചന്ദ്രൻ, രാജ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.