റാഞ്ചി: കാർ നിയന്ത്രണം വിട്ട് പുഴയിലേയ്‌ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ ദിയോഘർ എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്. കാർ ഓടിക്കുന്നതിനിടെ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായ പരിക്കേറ്റു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.















