കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കി യുവാവ്. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായ്‌ക്ക് പോകാൻ എത്തിയ ഇയാൾ ലഗേജ് പരിശോധനയ്‌ക്കിടെയായിരുന്നു ബാഗിൽ ബോംബ് ഉണ്ടെന്ന് ഭീഷണി മുഴക്കിയത്.
രാകേഷിന്റെ പക്കൽ ഉണ്ടായിരുന്ന ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു എന്ന് പരിശോധനയ്‌ക്കിടെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കൂടാതെ ലഗേജിന്റെ ഭാരം കുറക്കണമെന്നും നിർദ്ദേശിച്ചു. ഇതോടെയാണ് യുവാവ് ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയത്. തുടർന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.
പരിശോധനക്ക് ശേഷം രണ്ട് മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. രാകേഷിനെ എയർപോർട്ട് അധികൃതർ, നെടുമ്പാശേരി പോലീസിന് കൈമാറി. പരിശോധനക്ക് ശേഷം രാകേഷ് രവീന്ദ്രനെ ജാമ്യത്തിൽ വിട്ടയച്ചു.















