തിരുവനന്തപുരം: 28-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളക്കുള്ള ഡെലിഗേറ്റ് പാസുകൾക്ക് നിരക്ക് കൂടും. 18 ശതമാനം ജിഎസ്ടി ഉൾപ്പെടുത്തുന്നതാണ് നിരക്ക് വർദ്ധനവിന് കാരണം. നിലവിൽ പ്രവേശന പാസിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയാണ് നിരക്ക്. നികുതി ഉൾപ്പെടുത്തുന്നതോടെ അത് 1180 രൂപ, 590 രൂപ എന്നിങ്ങനെയാവും. ഷെഡ്യൂൾ, ഫെസ്റ്റിവൽ ബുക്ക്, തിരിച്ചറിയൽ കാർഡ്, തുടങ്ങിയവ ഉൾപ്പെട്ട കിറ്റ് മേളയിൽ പങ്കെടുക്കുന്നവർക്ക് നൽകാറുണ്ട്. ഡിസംബർ 08 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ചാണ് ചലച്ചിത്രമേള നടക്കുന്നത്.
നികുതിയടക്കമുള്ള വരുമാനങ്ങളിൽ നിന്ന് സർക്കാർ ഗ്രാന്റായി നൽകുന്ന പണമാണ് സാധാരണയായി ചലച്ചിത്രമേളയുടെ നടത്തിപ്പിന് വിനിയോഗിക്കുന്നത്. ഈ നികുതി പണത്തിന് തന്നെ നികുതി അടക്കേണ്ട അവസ്ഥയാണ് ഇനി. നികുതി ഉൾപ്പെടുത്തുന്നതിനോട് അതൃപ്തി അറിയിച്ചിരിക്കുകയാണ് ചലച്ചിത്ര അക്കാദമി.















