തമിഴ് ചിത്രം ലിയോയുടെ ട്രാക്കുകള്‍ക്കെതിരെ കോപ്പിയടി ആരോപണം. ആരാധകരാണ് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഇതിന് അവര്‍ തെളിവുകളും നിരത്തുന്നുണ്ട്. തമിഴിലെ മുന്‍നിര സംഗീത സംവിധായകനായ അനിരുദ്ധിനെതിരെ ഇതാദ്യമല്ല കോപ്പിയടി ആരോപണം ഉയരുന്നത്.
ലിയോയിലെ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായി ഇംഗ്ലീഷ് വരികളുള്ള ട്രാക്കുകളാണ് ഈച്ച കോപ്പിയടിച്ചതെന്ന് ആരാധകര്‍ വാദിക്കുന്നത്. അതിലൊന്നായ ഓര്‍ഡിനറി പേഴ്‌സണ്‍ എന്ന ട്രാക്ക് ആണ് ആരാധകര്‍ ചൂണ്ടികാട്ടുന്നത്. ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസായ പീക്കി ബ്ലൈന്‍ഡേഴ്‌സിലെ ഒരു ട്രാക്കിന്റെ പകര്‍പ്പെന്നാണ് ആരോപണം.
ബെലറൂസിയന്‍ സംഗീത സംവിധായകനായ ഓട്‌നിക്ക എന്ന് അറിയപ്പെടുന്ന അലക്‌സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ആണ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ ട്രാക്കിന്റെ യാഥാര്‍ത്ഥ ഉടമകള്‍. ഓട്‌നിക്കയെ ടാഗ് ചെയ്തുകൊണ്ടാണ് ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തുടര്‍ന്ന് ഓട്‌നിക്ക ഇതിന് പ്രതികരിച്ചു.
ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് നന്ദി. ഞാന്‍ എല്ലാം കാണുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും മറുപടി തരിക സാധ്യമല്ല. ഞങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു. പക്ഷേ ഇതുവരെ ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടില്ല, ഓട്‌നിക്ക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.