അന്റാർട്ടിക്ക: അന്റാർട്ടിക്കയുടെ വിവിധ മേഖലകളിൽ ബേർഡ് ഫ്ളൂ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് വിദഗ്ധർ. ഇതാദ്യമായാണ് അന്റാർട്ടിക്കയിൽ ബേർഡ് ഫ്ളൂ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രദേശത്തുള്ള പെൻഗ്വിനുകളേയും മറ്റ് പക്ഷി ജന്തുജാലങ്ങളേയും രോഗം പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ആദ്യഘട്ടത്തിൽ പ്രദേശത്ത് ചത്ത് കിടന്ന ബ്രൈൺ സ്കുവാ പക്ഷികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് യുകെ പോളാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.രോഗം പ്രദേശത്ത് വ്യാപിക്കാൻ കാരണമെന്ന് യുകെ പോളാർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ പറയുന്നു. 1996 ൽ ബേർ ഡ് ഫ്ളൂ കണ്ടെത്തിയതിന് ശേഷം പതിവായി പക്ഷിപ്പനി ബാധ ഉണ്ടാകുന്നു. എന്നാൽ 2021 മുതൽ ഇത് രോഗം ബാധിക്കാത്ത ഇടങ്ങളിലേക്ക് രോഗം കടന്നു കയറുന്നു എന്നതാണ് നിലവിലെ പ്രശ്നം.
ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്ന രോഗം ഏറെ സങ്കീർണമായ അവസ്ഥയിലേക്ക് ലോകത്തെ നയിക്കുമെന്ന് മെൽബൺ യൂണിവേഴ്സിറ്റിയിലെ ബേർഡ് ഫ്ളൂ വിദഗ്ധനായ മൈക്കിൾ വില്ലി ട്വിറ്റർ എക്സിൽ കുറിച്ചു. വളരെ ദുർബലമായ രോഗ പ്രതിരോധ സംവിധാനം ഉള്ള പെൻഗ്വിനുകൾക്ക് രോഗ ബാധ ഉണ്ടായി എന്നത് വളരെ അധികം ശ്രദ്ധയോടുകൂടി ലോകം കാണേണ്ട കാര്യമാണ് എന്ന് യുകെ അനിമൽ പ്ലാന്റ് ഹെൽത്ത് ഏജൻസി അധ്യക്ഷനായ ഇയാൻ ബ്രൗൺ അഭിപ്രായപ്പെട്ടു. എന്നാൽ വടക്കൻ ഗാനെറ്റ്സിലെ രണ്ട് കടൽ പക്ഷികളിൽ രോഗ പ്രതിരോധശേഷി കണ്ടെത്താൻ കഴിഞ്ഞത് ആശ്വാസകരമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.സാധാരണ ഗതിയിൽ ഇത് മനുഷ്യരിലേക്ക് പകരാറില്ല എന്നാൽ മ്യൂട്ടേഷൻ ബാധിച്ച രോഗാണുക്കൾ സസ്തനികളിലേക്ക് വ്യാപിച്ചത് ആശങ്കകൾക്ക് വഴിതുറക്കുന്നു എന്ന് യുകെ അനിമൽ പ്ലാന്റ് ഹെൽത്ത് ഏജൻസി കൂട്ടിച്ചേർത്തു.