ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബെറിഞ്ഞയാൾ പിടിയിൽ. കറുക വിനോദ് എന്ന വ്യക്തിയാണ് രാജ്ഭവൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബോംബെറിഞ്ഞതിന് പിന്നാലെ ഇയാൾ ഗവർണർ ആർ.എൻ രവിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കവെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
രാവിലെ മുതൽ രാജ്ഭവന് സമീപം കറങ്ങി നടന്നിരുന്ന ഇയാൾ സർദാർ പട്ടേൽ റോഡ് വഴി രാജ്ഭവന്റെ ഗേറ്റിന് മുന്നിലെത്തിയ ശേഷം കൈയിൽ കരുതിയിരുന്ന ക്രൂഡ് ഓയിൽ ബോംബ് എറിയുകയായിരുന്നു. തമിഴ്നാട് നിയമസഭ മാസങ്ങൾക്ക് മുമ്പ് നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള ബിൽ പാസാക്കിയിരുന്നു. എന്നാൽ ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇയാൾ ബോംബെറിഞ്ഞത്.
ഇയാൾ സ്ഥിരം കുറ്റാവാളിയാണെന്നും മുൻപു സമാനമായ രീതിയിൽ ഇയാൾ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തെയ്യാനാംപേട്ട പോലീസ് സ്റ്റേഷൻ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലും കറുക വിനോദ് ക്രൂഡോയിൽ ബോംബ് എറിഞ്ഞിട്ടുണ്ട്.
നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടിൽ ബിൽ പാസാക്കിയത്. എന്നാൽ ഈ ബില്ലിൽ ഇതുവരെ ഗവർണർ ഒപ്പുവെച്ചിട്ടില്ല. ഇതേത്തുടർന്ന് സംസ്ഥാനത്ത് ആകമാനം പ്രതിഷേധങ്ങൾക്ക് ഡിഎംകെ ആഹ്വാനം ചെയ്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം കടുത്ത ഭാഷയിൽ ഗവർണറെ ആക്രമിച്ചിരുന്നു.















