അഹമ്മദാബാദ് : രാജ്യത്തെ ഏകതാപ്രതിമ സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട് . കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ, ഈ സ്മാരകം എത്തിയത് ഏകദേശം 1.6 കോടി സന്ദർശകരാണ് .
കൊറോണ നാശം വിതച്ച 2020 ഒഴികെ, മറ്റെല്ലാ വർഷങ്ങളിലും സ്റ്റാച്യു ഓഫ് യൂണിറ്റിയിലെത്തിയവരുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .
2018 ഒക്ടോബർ 31 ന് പട്ടേലിന്റെ 143-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്തത് . സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ രണ്ട് മാസങ്ങളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സന്ദർശിക്കാൻ എത്തിയത് 453,020 പേരാണ് . തുടർന്ന് 2019 ൽ 27 ലക്ഷം സന്ദർശകരെത്തി . 2020-ൽ സഞ്ചാര നിയന്ത്രണങ്ങൾ ഉണ്ടായിട്ടും ഏകദേശം 13 ലക്ഷം വിനോദസഞ്ചാരികൾ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് ഒഴുകിയെത്തി. 2021-ൽ 34 ലക്ഷത്തിലധികം ആളുകൾ എത്തി.
കഴിഞ്ഞ വർഷം 43.8 ലക്ഷം സന്ദർശകരെത്തിയപ്പോൾ 2023 ൽ ഇതിനകം 35.9 ലക്ഷം പേരാണ് ഏകതാപ്രതിമ കാണാൻ എത്തിയത് .സർദാർ പട്ടേലിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 31 ന് നടത്തുന്ന വാർഷിക സന്ദർശനമാണ് ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അതിന്റെ പദവി കൂടുതൽ ഊട്ടി ഉറപ്പിക്കുന്നത് . ഗുജറാത്തിലെ കെവാഡിയയിൽ ഗംഭീരമായ സർദാർ സരോവർ അണക്കെട്ടിന്റെ തീരത്താണ് ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത്.