കൊല്ലം: കാറിന്റെ ബോണറ്റിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ആനയടി സ്വദേശിയായ മനുരാജും കുടുംബവും സഞ്ചരിച്ച കാറിലാണ് രാജവെമ്പാല കുടുങ്ങിയത്. ഇവർ ഗവിയിൽ നിന്ന് മടങ്ങവെയായിരുന്നു പാമ്പ് കാറിൽ കയറിയതെന്നാണ് വിവരം. എന്നാൽ ഏകദേശം ഒന്നര ദിവസത്തിന് ശേഷമാണ് കാറിൽ പാമ്പുള്ള വിവരം വീട്ടുകാർ അറിഞ്ഞത്. ഒടുവിൽ വാവാ സുരേഷ് എത്തിയാണ് പാമ്പിനെ പിടികൂടിയത്.
ഞായറാഴ്ചയായിരുന്നു കുടുംബം വിനോദയാത്രക്കായി ഗവിയിലേയ്‌ക്ക് പോയത്. ആങ്ങാമൂഴി ചെക്‌പോസ്റ്റിന് സമീപത്തുവെച്ച് റോഡിൽ രാജവെമ്പാലയെ കണ്ടു. പെട്ടന്ന് വെട്ടിത്തിരിഞ്ഞ് പാമ്പ് വാഹനത്തിനടിയിലേക്ക് കയറുന്നതും കുടുബം കണ്ടിരുന്നു. എന്നാൽ വണ്ടി നിർത്തി പുറത്തിറങ്ങി നോക്കിയപ്പോൾ പാമ്പിനെ കണ്ടില്ലെന്നും മനു പറയുന്നു. പാമ്പ് പോയെന്ന് കരുതി കുടുംബം യാത്ര തുടർന്നു. ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോൾ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നിൽ ഏറെ നേരം മണംപിടിച്ച് നിൽക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നെന്ന് കുടുംബം പറയുന്നു. ഇതോടെ പാമ്പ് ഉള്ളിലുണ്ടാകുമെന്ന് സംശയമായി.
യാത്രയ്‌ക്കിടെ പെരിയാർ കടുവാ സങ്കേതത്തിൽ വച്ച് ചെക്‌പോസ്റ്റിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. പാമ്പ് ഉള്ളിലുണ്ടാകാൻ സാധ്യതയില്ലെന്നും കയറിയിട്ടുണ്ടെങ്കിൽ വാഹനം നിർത്തിയപ്പോൾ ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നും അവർ പറഞ്ഞു. ശേഷം വീട്ടിലെത്തി വാഹനം മുറ്റത്തുതന്നെയിട്ടു. രാത്രി സി.സി.ടി.വി.യിൽ കാർ നിരീക്ഷിച്ചു. അസ്വാഭാവികമായി ഒന്നും കണ്ടില്ല. രാവിലെ വീട്ടിലെ വളർത്തുനായയും കാറിന്റെ ബോണറ്റിന്റെ വശത്ത് മണത്തുകൊണ്ടുനിന്നു കുരയ്‌ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഇതോടെയാണ് പാമ്പ് കാറിൽ തന്നെ ഉണ്ടെന്ന് മനസ്സിലാക്കിയത്. വാവാ സുരേഷെത്തി ബോണറ്റിൽ പരിശോധിച്ചപ്പോഴും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് നായ മണം പിടിച്ച സ്ഥലം പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഏറെ നേരം പണിപ്പെട്ടാണ് പാമ്പിനെ പുറത്തെടുത്തത്. പാമ്പിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. രാജവെമ്പാലയെ വനംവകുപ്പിന് കൈമാറി.















