ഗാസ : ഇസ്രായേൽ പ്രത്യാക്രമണം ശക്തമാക്കുന്നതിനിടയിൽ ലോകത്തിലെ എല്ലാ മുസ്ലീങ്ങളോടും പുതിയ അഭ്യർത്ഥനയുമായി ഹമാസ് . റഫ അതിർത്തി ക്രോസിംഗ് തുറക്കുന്നതിനായി ഈ വെള്ളിയാഴ്ച പ്രതിഷേധിക്കാനാണ് പാലസ്തീനുകളോടും അറബികളോടും മുസ്ലീങ്ങളോടും ഹമാസ് ആഹ്വാനം ചെയ്തിരിക്കുന്നത് .
‘ ഗാസ മുനമ്പിലെ ക്രോസിംഗുകൾ തുറക്കാനും അടിയന്തര സഹായവും വൈദ്യസഹായവും ഇന്ധനവും എത്തിക്കാനും എല്ലാ വിധത്തിലും സമ്മർദ്ദം ചെലുത്താനാണ് ഹമാസ് ലക്ഷ്യമിടുന്നത്. “റഫ ക്രോസിംഗ് തുറക്കുക”, “ഗാസക്കെതിരായ വംശഹത്യ യുദ്ധം നിർത്തുക ‘ – എന്നാണ് ഹമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് .
ഒക്‌ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം വെസ്റ്റ്ബാങ്കിൽ ഹമാസുമായി ബന്ധമുള്ള 1,000-ത്തോളം പാലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പറയുന്നു. ഒറ്റരാത്രികൊണ്ട് 46 ഹമാസ് അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട് .















