പുതിയ പാമ്പൻ പാലത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം പുതിയ പാലത്തിന്റെ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. മറ്റൊരു എൻജിനിയറിംഗ് വിസ്മയം കൂടി പൂർത്തിയാകുന്നു എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവെച്ചത്.
Another engineering marvel on the verge of completion – New Pamban bridge 🌉 pic.twitter.com/AVymsZLNbN
— Ashwini Vaishnaw (@AshwiniVaishnaw) October 26, 2023
കപ്പലുകൾക്ക് കടന്നുപോകാൻ കഴിയുന്ന വിധമാണ് വെർട്ടിക്കൽ ലിഫ്റ്റിന്റെ രൂപകൽപ്പന. 72 മീറ്റർ നീളമുള്ള വെർട്ടിക്കൽ ലിഫ്റ്റ് 17 മീറ്റർ വരെ ഉയർത്താൻ സാധിക്കും. കടലിനു കുറുകെ 100 സ്പാനുകളാണ് പാലത്തിനുള്ളത്. 18.3 മീറ്റർ നീളമുള്ള 99 സ്പാനുകളും വെർട്ടിക്കൽ ലിഫ്റ്റ് സ്പാനിന് 72.5 മീറ്ററും ആയിരിക്കും നീളം. നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം വരുന്നത്. 2020 ഫെബ്രുവരിയിലാണ് പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്. നിലവിലുള്ള പാലത്തേക്കാൾ 3 മീറ്റർ ഉയരത്തിലാണ് പുതിയ പാലം. 279.63 കോടി രൂപ ചിലവിലാണ് പുതിയ പാലം നിർമിക്കുന്നത്.
വെർട്ടിക്കൽ ലിഫ്റ്റടങ്ങിയ പുതിയ പാലത്തെ വലിയ പ്രതീക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. കഴിഞ്ഞ നാളുകളിൽ റെയിൽവേ വികസനത്തിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് അവിസ്മരണിയമായ നേട്ടങ്ങൾക്കാണ്. പുതിയ റെയിൽ പാതകൾ, അതിവേഗ ട്രെയിനുകൾ, വന്ദേഭാരത് എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് രാജ്യത്തുണ്ടായത്. റെയിൽ ഗതാഗത മേഖലയിൽ വലിയ വികസനവും പരിവർത്തനവുമാണ് കേന്ദ്രം നടത്തികൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് പുതിയ പാമ്പൻ പാലം.















