തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായ കെൽട്രോണിന് അഭിനന്ദനം അറിയിച്ച് വിഎസ്എസ്‌സി. ഗഗൻയാൻ മിഷന്റെ ടെസ്റ്റ് വെഹിക്കിളിലും ക്രൂ എസ്‌കേപ്പ് സിസ്റ്റം പാക്കേജിലും ആവശ്യമായ 44 ഏവിയോണിക്സ്, ഇന്റർഫേസ് മോഡ്യൂളുകളാണ് കെൽട്രോൺ നിർമ്മിച്ച് നൽകിയത്. തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സും കരകുളം കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സുമാണ് ഗഗൻയാൻ പദ്ധതിയുടെ ഭാഗമായത്.
ഐഎസ്ആർഒയുടെ ഗുണപരിശോധന മാനദണ്ഡങ്ങളിലൂടെ അസംബ്ലിങ് ആൻഡ് ഫാബ്രിക്കേഷൻ നടപടികൾ കൃത്യമായി പാലിച്ചാണ് കെൽട്രോൺ ഗഗൻയാൻ മിഷന്റെ ഭാഗമായത്. ഐഎസ്ആർഒയുടെ സെന്ററുകളായ വിഎസ്എസ്‌സി, എൽപിഎസ്‌സി, ഐ ഐഎസ്‌യു, യുആർഎസ്‌സി ബെംഗളൂരു തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കെൽട്രോൺ പ്രവർത്തിക്കുന്നത്.
ചന്ദ്രയാൻ-3, ആദിത്യ എൽ-1 ദൗത്യത്തിലും കെൽട്രോണിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ചന്ദ്രയാൻ-3-ൽ 41 ഇലക്ട്രോണിക്സ് പാക്കേജുകളും ആദിത്യ എൽ-1-ന് വേണ്ടി 38 ഇലക്ട്രോണിക്സ് പാക്കേജുകളും കെൽട്രോൺ നിർമ്മിച്ചു നൽകി.















