റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി ദുരിതബാധിതർക്ക് ധനസഹായം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ തട്ടിക്കൊണ്ടു പോയി. ധോണി പാവപ്പെട്ടവർക്ക് പണവും വീടും നൽകുന്നു എന്ന് പറഞ്ഞാണ് മാതാവിനെ കബളിപ്പിച്ചത്. റാഞ്ചി സ്വദേശി മധുദേവിയെയാണ് തട്ടിപ്പ് സംഘം പറഞ്ഞുപറ്റിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം മധുദേവി തന്റെ രണ്ട് കുട്ടികൾക്കൊപ്പം കടയിൽ സാധനം വാങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അപരിചിതരായ ഒരു സ്ത്രീയും പുരുഷനും വ്യാജ ധനസഹായത്തിന്റെ കാര്യം പറഞ്ഞ് ഇവരെ സമീപിച്ചത്. ധനസഹായം വിതരണം ചെയ്യുന്ന സ്ഥലത്തേയ്‌ക്ക് തന്നെ കൂട്ടിക്കൊണ്ട് പോകാമോ എന്ന് മധുദേവി ചോദിച്ചു. തുടർന്ന് ഇവരെ കബളിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യുവതിയെ ഹർമുവിലെ ഇലക്ട്രിസിറ്റി ഓഫീസിൽ എത്തിച്ചു. ഓഫീസിനുള്ളിൽ ഫണ്ട് വിതരണത്തിനുള്ള ചർച്ചകൾ നടക്കുകയാണെന്നും പുറത്ത് കാത്തുനിന്നാൽ മതിയെന്നും പറഞ്ഞ് യുവതിയുടെ ഇളയ മകളുമായി ബൈക്കിലെത്തിയ അപരിചിതർ കടന്നുകളഞ്ഞു.
യുവതി ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ബൈക്ക് യാത്രികർ രക്ഷപ്പെട്ടു.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം മധുദേവിയുടെ മൊഴിയിൽ പൊരുത്തക്കേടുള്ളതായും പോലീസ് പറയുന്നു.