ന്യൂഡൽഹി: പാക് അധീന കശ്മീരിൽ പാകിസ്താൻ നടത്തുന്ന ക്രൂരതകൾക്കെതിരെ ബ്രിട്ടീഷ് പാർലമെന്റിൽ തുറന്ന് സംസാരിച്ച് പിഒകെയിലെ രാഷ്‌ട്രീയ-സാമൂഹിക പ്രവർത്തകനായ പ്രൊഫസർ സജ്ജാദ് രാജ. അവിടുത്തെ കാര്യത്തിൽ ഇടപെടാൻ പാകിസ്താന് യാതൊരു അവകാശങ്ങളും ഇല്ലെന്നും സജ്ജാദ് വിമർശിച്ചു. ” പാകിസ്താനാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയത്.
പാകിസ്താന് ഇത്തരത്തിൽ ഒരു നിയമസാധുത നൽകിയത് അന്നത്തെ ഇന്ത്യൻ സർക്കാരാണ്. ഞങ്ങളെ രക്ഷിക്കണമെന്ന് അന്നത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പകരം 1948 ജനുവരി 1ന് ഐക്യരാഷ്‌ട്രസഭയെ സമീപിക്കുകയാണ് അവർ ചെയ്തത്. അവിടെ വച്ച് വിദേശ രാജ്യങ്ങൾ മുന്നോട്ട് വച്ച ഫോർമുല അവർ അംഗീകരിച്ചു. അങ്ങനെ പാകിസ്താൻ നിയമാനുസൃതമുള്ള കക്ഷിയാണെന്ന് പറയുകയും ചെയ്തു.
ഞാൻ ഈ മുറിയിലേക്ക് തോക്കുകളും ഗ്രനേഡുകളുമായി എത്തിയാൽ എന്നെ പുറത്താക്കണമെന്നേ നിങ്ങൾ തീരുമാനിക്കൂ. അതിന് പകരം ഈ പാർലമെന്റിലെ നിയമാനുസൃത കക്ഷിയായി കണക്കാക്കുമോ? ഇനിയെങ്കിലും പാകിസ്താനിൽ നിന്നുള്ള മോചനം മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ ഇനിയും വൈകിയിട്ടില്ല. മാനുഷികമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവുമുള്ള ജനതയാണ് അവിടെ ഉള്ളത്.
പക്ഷേ പാകിസ്താൻ അവിടെയുള്ളവരോട് മൃഗങ്ങളോടൊന്ന പോലെയാണ് പെരുമാറുന്നത്. എല്ലാ ജീവിത സൗകര്യങ്ങളും ആസ്വദിക്കാനും സമാധാനപരമായി ജീവിക്കാനുമുള്ള അവകാശങ്ങൾ ഞങ്ങൾക്കുമുണ്ട്. ലഡാക്കിലേയും ജമ്മു കശ്മീരിലേയും ജനങ്ങൾ ജീവിക്കുന്നത് പോലെയുള്ള ജീവിതം തങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും” സജ്ജാദ് പറഞ്ഞു. പാക് അധീന കശ്മീരിന്റെ ഭാവി നിർണയിക്കാൻ ഹിതപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.