മുംബൈ: മുംബൈയിൽ താമസിക്കുന്ന ഗുജറാത്തി, ജൈന സമുദായങ്ങൾക്കെതിരെ വംശീയ വിദ്വേഷം വമിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച് കോൺഗ്രസിന്റെ ദേശീയ മുഖപത്രം.രാഹുലും സോണിയയും ഉൾപ്പെട്ട വഞ്ചനക്കേസിൽ കുടുങ്ങിയ നാഷണൽ ഹെറാൾഡ് പത്രത്തിലാണ് വിദ്വേഷം വമിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്.
ഈ പ്രസിദ്ധീകരണത്തിന്റെ കൺസൾട്ടിംഗ് എഡിറ്ററായ സുജാത ആനന്ദൻ എഴുതി പത്രത്തിൽ ഒക്‌ടോബർ 23-ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുംബൈയിലെ ജൈനരുടെയും ഗുജറാത്തികളുടെയും ഭക്ഷണക്രമത്തെ “ഭക്ഷണ ഭീകരത” എന്ന് പരാമർശിക്കുന്നു. അത് കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ (മുമ്പ് ട്വിറ്റർ) തന്റെ പ്രൊഫൈലിൽ ഈ ലേഖനം സുജാതാ ആനന്ദൻ പങ്കുവെക്കുകയും അതിനോടൊപ്പം വീണ്ടും അവഹേളനം നടത്തുകയും ചെയ്തു. “മത്സ്യത്തിന്റെയും അരിയുടെയും മണം നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഗുജറാത്തിലേക്ക് മടങ്ങുക – മഹാരാഷ്‌ട്രക്കാർ സ്വന്തം സംസ്ഥാനം വീണ്ടെടുക്കാൻ തുടങ്ങുന്നു.” എന്നാണ് തന്റെ ലേഖനം പങ്കിട്ടുകൊണ്ട് സുജാത ആനന്ദൻ എഴുതിയത്.

‘ഡയറ്ററി വർണവിവേചനം: മുംബൈക്ക് ഭക്ഷ്യഭീകരതയുടെ രുചി’ എന്ന തലക്കെട്ടിൽ ജൈനരെയും ഗുജറാത്തികളെയും ലക്ഷ്യമിട്ട് സുജാത ആനന്ദൻ എഴുതിയ ലേഖനമാണ് ഇപ്പോൾ വിവാദമായത്. “മത്സ്യവും അരിയും മഹാരാഷ്‌ട്രക്കാരുടെ ഭക്ഷണക്രമത്തിൽ അവിഭാജ്യമാണെന്നും പിന്നീട് കുടിയേറ്റക്കാരെ, പ്രത്യേകിച്ച് മത്സ്യത്തിന്റെ ഗന്ധത്തോട് ഒരു വെറുപ്പ് പ്രകടിപ്പിക്കുന്ന ഗുജറാത്തികളെ ഉൾക്കൊള്ളാൻ വേണ്ടി പാചക മുൻഗണനകളിൽ മാറ്റം വരുത്താൻ അവർ ഒരു കാരണവും കാണുന്നില്ലെന്നും” അവർ എഴുതി. മുംബൈയിലെ ഗുജറാത്തികളും ജൈനരും അവരുടെ ഭക്ഷണ രീതിയെ അടിസ്ഥാനമാക്കി മറാത്തികളോട് വിവേചനം കാണിക്കുന്നുവെന്ന് അവർ എഴുതി. ഗുജറാത്തികളുടെയും ജൈനരുടെയും ജീവിത ഭക്ഷണ രീതികളെ അവർ “ഭക്ഷ്യ ഭീകരത” എന്ന് മുദ്രകുത്തി.
1980 കളുടെ അവസാനത്തിൽ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി തന്റെ കെട്ടിടത്തിലെ ഒരു നോൺ വെജിറ്റേറിയൻ റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ നിർബന്ധിച്ചപ്പോഴാണ് ഇത്തരത്തിലുള്ള “ഭക്ഷ്യ ഭീകരത” ആരംഭിച്ചതെന്നും സുജാതാ ആനന്ദൻ എഴുതി
ഛത്രപതി ശിവാജി മഹാരാജിന്റെ സായുധ സേനയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെഴുതിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് സുജാത ആനന്ദൻ മുമ്പ് നിയമനടപടി നേരിട്ടിരുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ സായുധ സേന ആളുകളെ കൊള്ളയടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുമെന്നും അവർ പോസ്റ്റ് ചെയ്തിരുന്നു. അന്ന് ബിജെപി നേതാവ് നിതേഷ് റാണെയാണ് ഇവർക്കെതിരെ മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഇപ്പോൾ, ഹിന്ദു സമുദായങ്ങൾക്കിടയിലെ സാമൂഹിക വിഭജനം വർദ്ധിപ്പിക്കുന്നതിന്, ജൈനർക്കും ഗുജറാത്തികൾക്കും എതിരായ വിദ്വേഷം വർദ്ധിപ്പിക്കാൻ അവരുടെ സസ്യാഹാരത്തെ ഭക്ഷ്യ ഭീകരത എന്ന് വിളിക്കുകയാണ് സുജാത ആനന്ദൻ ചെയ്യുന്നത്. മറാഠി വിഭാഗത്തിലെ നോൺ-വെജിറ്റേറിയൻ വിഭാഗങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ധാരണയുടെ മറവിൽ, അവർ മുംബൈയിൽ താമസിക്കുന്ന വിവിധ സമുദായങ്ങളിലെ ആളുകൾക്കിടയിൽ ഒരു സാമൂഹിക ഭിന്നത സൃഷ്ടിക്കുകയും , സസ്യാഹാരം കഴിക്കുന്ന പ്രത്യേക ജാതികളെയും സമുദായങ്ങളെയും ഭക്ഷ്യ ഭീകരർ എന്ന് വിളിക്കുകയും ചെയ്യുന്നു.
നാഷണൽ ഹെറാൾഡിന്റെ എഡിറ്ററാണ് സുജാത ആനന്ദൻ. രാഹുലിന്റെയും സോണിയയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ദി അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന നാഷണൽ ഹെറാൾഡ്കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമാണ്.















