തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ‘ഭാരതം’ എന്ന പേര് ചേർക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ‘ഇന്ത്യ’ എന്ന പേര് മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ വഴിയാണ് മന്ത്രി കത്തയച്ചത്.
ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വൈവിധ്യത്തിന്റെയും സവിശേഷമായ സങ്കലനമാണ് രാജ്യത്തിന്റെ സ്വത്വം. ‘ഇന്ത്യ’ എന്ന പേര് ആ സ്വത്വത്തിന്റെ പ്രധാന ഭാഗമാണ്. ആർട്ടിക്കിൾ ഒന്നിൽ രാജ്യത്തെ ‘ഇന്ത്യ’ എന്നും ‘ഭാരതം’ എന്നും പരാമർശിക്കുന്നു. ‘ഇന്ത്യ’ എന്ന പേര് മാറ്റുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുകയും വിദ്യാഭ്യാസ തുടർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. എൻസിഇആർടിയുടെ ഇപ്പോഴത്തെ നിലപാട് ചില പ്രത്യയശാസ്ത്രത്തെ മാത്രം പിന്തുണക്കുന്നതാണ്.
ഇത്തരം ശുപാർശകൾ ഏതെങ്കിലും രാഷ്‌ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ അജണ്ടകൾ പാലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരതം’ എന്നാക്കാനുള്ള എൻസിഇആർടി പാനലിന്റെ നിർദ്ദേശത്തിൽ ഇടപെടാനും റദ്ദാക്കാനും നടപടിയെടുക്കണം- എന്നാണ് കത്തിൽ വി.ശിവൻകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.















