ഹാങ്ഷൗവിൽ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ താരങ്ങൾ. ഇന്ന് നടന്ന പുരുഷന്മാരുടെ 400 മീറ്റർ ടി-47 ഇനത്തിൽ ദിലീപ് ഗാവിറ്റ് സ്വർണം നേടിയതോടെ 100 മെഡലുകൾ സ്വന്തമാക്കി ഇന്ത്യ ചരിത്രം സൃഷ്ടിച്ചു.
വനിതകളുടെ 1500 മീറ്റർ ടി-20 ഇനത്തിൽ പൂജ വെങ്കലമെഡൽ നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 33.69 മീറ്റർ എറിഞ്ഞ് നീരജ് യാദവ് സ്വർണം നേടിയപ്പോൾ 30.30 മീറ്റർ എറിഞ്ഞ് തേക് ചന്ദ് വെങ്കലവും നേടി. വനിതകളുടെ അമ്പെയ്‌ത്തിൽ ശീതൾ ദേവിയും സ്വർണം കരസ്ഥമാക്കി. 28 സ്വർണവും 31 വെള്ളിയും 49 വെങ്കലവുമാണ് രാജ്യത്തിന്റെ അഭിമാന താരങ്ങൾ ഇതുവരെ നേടിയെടുത്തത്.
ചെസിൽ പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തിൽ അശ്വിൻ, ദർപൺ, സൗന്ദര്യ എന്നിവരടങ്ങിയ ടീമും സ്വർണം സ്വന്തമാക്കി. 2018-ൽ ജക്കാർത്തയിൽ നടന്ന പാരാ ഗെയിംസിലാണ് രാജ്യത്തിന് ഏറ്റവും കൂടുതൽ മെഡൽ സ്വന്തമാക്കാൻ സാധിച്ചത്. അന്ന് 15 സ്വർണവും 24 വെള്ളിയും 33 വെങ്കലവുമടക്കം 72 മെഡലുകളാണ് ഇന്ത്യ നേടിയത്.















