ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദം തുടരുന്നതിനിടെ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ മഹുവ മൊയ്ത്ര ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. വിഷയത്തിൽ മഹുവയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ” ദർശൻ ഹിരാനന്ദാനിയും ദുബായ് ദീദിയുമായും മഹുവ മൊയത്ര ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനാണ് അവരുടെ ശ്രമം. ഇതിന്മേൽ കർശന നടപടി ഉണ്ടാകണമെന്നും” നിഷികാന്ത് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
അതേസമയം ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകാൻ മഹുവ മൊയ്ത്ര കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 31നുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ഹിരാനന്ദാനിക്ക് തന്റെ പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകിയെന്ന കാര്യം മഹുവ മൊയ്ത്ര സമ്മതിക്കുന്നുണ്ട്. ലോഗിനും പാസ്‌വേഡും ആർക്കൊക്കെ നൽകാം, നൽകരുത് എന്നത് സംബന്ധിച്ച് പ്രത്യേക ചട്ടങ്ങൾ ഒന്നും ഇല്ലെന്നാണ് മഹുവയുടെ വാദം.
നിഷികാന്ത് ദുബെയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയും ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് തെളിവുകൾ കൈമാറിയിട്ടുണ്ട്. മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് എത്തിക്‌സ് കമ്മിറ്റിയും ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തെ കൃത്യമായ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കി. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഗൗതം അദാനിയേയും ചേർത്ത് തെറ്റായ ചോദ്യങ്ങൾ ചോദിക്കാൻ പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളും കൈപ്പറ്റി എന്നതാണ് മഹുവയ്‌ക്ക് എതിരെ ഉയർന്ന പ്രധാന ആരോപണം.