ടെൽഅവിവ്: ഇസ്രായേലിനു നേരെ ഹമാസ് മിന്നൽ ആക്രമണം നടത്തിയ ദിവസം ഭീകരർ തമ്മിലുള്ള ഫോൺ കോളിന്റെ ഓഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. പിടിക്കപ്പെട്ടാലും എല്ലാ ജൂതന്മാരെയും കൊല്ലുമെന്ന് അള്ളാഹുവിനോട് സത്യം ചെയ്യുന്നുവെന്ന് ഭീകരൻ ഫോൺ സംഭാഷണത്തിനിടെ പറയുന്നുണ്ട്. ഹമാസിന്റെ ക്രൂരതകളുടെ നേർചിത്രമാണെന്ന വ്യാഖ്യാനത്തോടെയാണ് ഈ ഓഡിയോ പ്രചരിക്കുന്നത്.
എന്നാൽ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. അശ്ലീല സംഭാഷണങ്ങളോടെയാണ് ഭീകരർ ഫോൺ സംഭാഷണം നടത്തിയത്. ജുതന്മാർ സന്തോഷത്തോടെ ജീവിക്കുകയാണ്, എന്നാൽ നമ്മൾ നാടുവിടുകയാണ്. പിടിക്കപ്പെട്ടാലും ഇസ്രായേലിയൻ പൗരന്മാരെ കൊല്ലണം. ഇസ്രായേലിനെ നശിപ്പിക്കുമെന്ന് അള്ളാഹുവിനോട് ഞാൻ സത്യം ചെയ്യുന്നെന്ന് ഒരു ഭീകരൻ സംഭാഷണത്തിൽ പറയുന്നുണ്ട്. ഫോൺ സംഭാഷണങ്ങൾ അവസാനിക്കുമ്പോൾ പുറത്ത് പോകൂ.. അശ്ലീല പദങ്ങൾ ഉപയോഗിച്ച് കൊണ്ട് അവരെ നശിപ്പിക്കൂ എന്നും പറയുന്നുണ്ട്. ഇതിന് ശേഷം വെടിയൊച്ചകളും കേൾക്കുന്നുണ്ട്.
വ്യാഴാഴ്ച മാതാപിതാക്കളെ വിളിച്ച് താൻ10 ജൂതന്മാരെ കൊലപ്പെടുത്തി എന്ന് പറയുന്ന ഒരു ഹമാസ് ഭീകരന്റെ ഫോൺകോളും ഐഡിഎഫ് പുറത്ത് വിട്ടിരുന്നു. ഗാസയ്‌ക്ക് സമീപമുള്ള കിബ്ബൂട്ട്‌സിലെ മെഫാൽസിമിൽ വച്ച് കൊല ചെയ്യപ്പെട്ട ജൂത വനിതയുടെ ഫോൺ മോഷ്ടിച്ച ശേഷമാണ് ഇയാൾ തന്റെ മാതാപിതാക്കളെ വിളിക്കുന്നത്. താൻ കൊന്നവരെയെല്ലാം കാണണമെങ്കിൽ വാട്‌സ്ആപ്പ് സന്ദേശം പരിശോധിക്കണമെന്നും ഇയാൾ ഫോൺ സംഭാഷണത്തിൽ പറയുന്നു. ജൂതന്മാരെ കൊന്നുവെന്ന് വളരെ അഭിമാനത്തോടെയാണ് ഇയാൾ സ്വന്തം അച്ഛനോട് പറയുന്നത്.
മകന്റെ വാക്കുകൾ കേട്ട് മാതാപിതാക്കൾ വളരെ സന്തോഷത്തിലാകുന്നതും ഓഡിയോയിൽ വ്യക്തമാണ്. മകനേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നാണ് പിതാവ് പറയുന്നത്. വിജയിച്ച് തിരിച്ചുവരണമെന്നാണ് ഭീകരന്റെ അമ്മ ആശംസിക്കുന്നത്.















