ന്യൂഡൽഹി: ഇന്ന് അർദ്ധരാത്രി ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതിനാൽ ഇന്ന് അർദ്ധരാത്രി ഭാഗിക ചന്ദ്രഗ്രഹണം ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണൽ അസ്‌ട്രോണമി സെന്റർ അറിയിച്ചു. രാജ്യത്തിന്റ എല്ലാ ഭാഗങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാകുന്നതായിരിക്കും.
ഞായറാഴ്ച പുലർച്ചെ 1.5-നും 2-24നും ഇടയിലാണ് ഭാഗിക ചന്ദ്രഗ്രഹണം നടക്കുന്നത്. ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടുനിൽക്കും. ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, പടിഞ്ഞാറൻ പസഫിക് സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവയ്‌ക്കുള്ളിലെ പ്രദേശത്തും ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.
അർദ്ധരാത്രിയ്‌ക്ക് ശേഷമായിരിക്കും ഭാഗിക ചന്ദ്രഗ്രഹണം കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുക. പൂർണചന്ദ്ര രാത്രികളിൽ ഭൂമി സൂര്യനും ചന്ദ്രനുമിടയിലായി വരുന്നു. ഇത് ചന്ദ്രോപരിതലത്തിൽ നിഴൽ വീഴ്‌ത്തുന്നതോടെയാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോൾ പൂർണ ചന്ദ്രഗ്രഹണം നടക്കുന്നു. ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഭൂമിയുടെ നിഴലിലായിരിക്കുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം നടക്കുന്നത്.















