തിരുവനന്തപുരം: 47-ാമത് വയലാർ അവാർഡ് ഏറ്റുവാങ്ങി കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ശ്രീകുമാരൻ തമ്പിയ്‌ക്ക് അവാർഡ് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിയ്‌ക്കാണ് അവാർഡ് ലഭിച്ചത്. പ്രൊഫ. ജി ബാലചന്ദ്രൻ, കെ. ജയകുമാർ, പ്രഭാവർമ, ഡോ. പി കെ രാജശേഖരൻ, ഗൗരി ദാസൻ നായർ, ബി സതീശൻ തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
ശ്രീകുമാരൻ തമ്പിയുടെ കവിതകൾക്കായിരുന്നു വയലാർ അവാർഡ് കിട്ടേണ്ടിയിരുന്നത്, പക്ഷേ അത് സംഭവിച്ചില്ലെന്നും ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിന് അവാർഡ് കൊടുക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായി കാണുന്നതായും അവാർഡ് സമ്മാനിച്ച ശേഷം പെരുമ്പടവം ശ്രീധരൻ പറഞ്ഞു.
അതേസമയം ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥ എഴുതിയില്ലായിരുന്നെങ്കിൽ, തനിക്ക് ഒരിക്കലും ഈ അവാർഡ് കിട്ടില്ലായിരുന്നുവെന്നും അവാർഡ് കിട്ടേണ്ടിയിരുന്നത് എന്റെ കവിതകൾക്കായിരുന്നുവെന്നും ശ്രീകുമാരൻ തമ്പി മറുപടി പ്രസംഗത്തിൽ പറഞ്ഞു. 63 വർഷം മുന്നേ തന്റെ ആദ്യകവിതാ സമാഹാരത്തിന് അവതാരിക എഴുതി നൽകിയത് വയലാർ ആണെന്നും, തന്റെ 19-ാം വയസിൽ വയലാർ തന്നെ അംഗീകരിച്ചതായും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.















