തിരുവനന്തപുരം: ഒക്ടോബർ 31ലെ സ്വകാര്യ ബസ് പണിമുടക്കിൽ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ല. നവംബർ ഒന്നിന് മുമ്പായി ബസ്സുകളിൽ സീറ്റ്ബെൽറ്റ്, ക്യാമറ എന്നിവ സ്ഥാപിക്കണമെന്നത് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് മന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. അതിലും നടപടികൾ ഒന്നും ഉണ്ടായില്ല. തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ട്
പോകാൻ തീരുമാനിച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു.
ഒക്ടോബർ 31 ലെ സൂചനാ പണിമുടക്കിൽ സർക്കാർ അനുകൂല നിലപാട് എടുത്തില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഉടമകൾ വ്യക്തമാക്കി.