കോഴിക്കോട്: ബോട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇവർക്കൊപ്പം ഉണ്ടായിരുന്ന ആഭിമന്യു(17) രക്ഷപ്പെട്ടു. മാഹി കനാലിൽ മീൻപിടിക്കാൻ പോയ കുട്ടികൾ സഞ്ചരിച്ച ഫൈബർ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
വെള്ളത്തിൽ ആദിദേവും ആദി കൃഷ്ണനും പായലിൽ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. രക്ഷപ്പെട്ട് നീന്തി കരയ്‌ക്കെത്തിയ അഭിമന്യുവാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. വിവരം നാട്ടുകാർ അറിയാൻ വൈകിയത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.
ആദിദേവയെയും ആദി കൃഷ്ണനെയും കണ്ടെത്തി ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളുടെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.















