പകരക്കാരനില്ലാത്ത ഹരിയേട്ടന്‍
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പകരക്കാരനില്ലാത്ത ഹരിയേട്ടന്‍

Janam Web Desk by Janam Web Desk
Oct 29, 2023, 11:26 am IST
FacebookTwitterWhatsAppTelegram

ടി സതീശൻ എഴുതുന്നു

രംഗ ഹരിജി അഥവാ ആര്‍.ഹരിജി അഥവാ ഹരിയേട്ടന്‍ (93) രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സംഘ പ്രചാരകരില്‍ ഒരാളും ഏറെ ആദരണീയനായ ചിന്തകനുമായിരുന്നു. 1930ലെ വൃശ്ചിക മാസത്തിലെ രോഹിണിയാണ് ജന്മനക്ഷത്രം. ഗാന്ധിവധത്തോടനുബന്ധിച്ച് സംഘത്തെ നിരോധിച്ചപ്പോള്‍, നിയമവിരുദ്ധ നിരോധനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദേശവ്യാപകമായ സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനാല്‍ അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടു. ഡിസംബര്‍ 1948 മുതല്‍ 1949 ഏപ്രില്‍ വരെയായിരുന്നു ജയില്‍വാസം. തല്‍ഫലമായി അദ്ദേഹത്തിന്റെ ബിഏ (പൊളിറ്റിക്സ്, ചരിത്രം & സംസ്കൃതം) വിദ്യാഭ്യാസം തടസ്സപ്പെട്ടു. ജയില്‍ വിമോചനത്തിന് ശേഷം ഹരിയേട്ടന്‍ വിദ്യാഭ്യാസം തുടര്‍ന്നു, ബിഎ പാസ്സായി. അതിനു ശേഷം അദ്ദേഹം പ്രത്യേകമായി സംസ്കൃതം പഠിച്ചു. പിന്നീട് സംഘത്തിന്റെ മുഴുവന്‍ സമയ പ്രചാരകനായി. വടക്കന്‍ പറവൂര്‍ താലൂക്ക് പ്രചാരകനായിട്ടായിരുന്നു അരങ്ങേറ്റം, 1951 മെയ് 3നു. പിന്നീട് ജില്ല പ്രചാരക് എന്ന നിലക്ക് തൃശ്ശൂര്‍, പാലക്കാട് എന്നിങ്ങിനെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് വിഭാഗ പ്രാചാരകനായി പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചു. ഹരിയേട്ടന്‍ തിരുവനന്തപുരം വിഭാഗ് പ്രചാരക് ആയിരിക്കുമ്പോഴാണ് കന്യാകുമാരിയിലെ വിവേകാനന്ദ ശിലയില്‍ അനധികൃതമായ കുരിശ് പ്രത്യക്ഷപ്പെട്ടതും അത് കോഴിക്കോട് വെള്ളയില്‍ കടപ്പുറം ശാഖയിലെ ലക്ക്ഷമണേട്ടന്റെ നേതൃത്വത്തില്‍ പിഴുത് എറിയപ്പെട്ടതും. അടിയന്തിരാവസ്ഥ (1975 ജൂണ്‍ 25 – മാര്‍ച്ച് 21, 1977) – സംഘ നിരോധന (ജൂലൈ 4, 1975 – മാര്‍ച്ച് 21, 1977) കാലത്ത് കേരളത്തില്‍ സംഘത്തിന്റെയും ലോക് സംഘര്‍ഷ സമിതിയുടെയും അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ നയിച്ചത് പ്രാന്ത് പ്രചാരക് കെ. ഭാസ്ക്കര്‍ റാവുജി, മുതിര്‍ന്ന പ്രചാരക് പി. മാധവ്ജി, ഹരിയേട്ടന്‍ എന്നിങ്ങിനെയുള്ള ത്രിമൂര്‍ത്തികളായിരുന്നു. അണ്ടര്‍ ഗ്രൗണ്ട് ദ്വൈവാരികയായ “കുരുക്ഷേത്രം” കൃത്യമായി ഇറക്കുന്നതിന്റെ ചുമതല ഹരിയേട്ടനായിരുന്നു. അതിന്റെ ഡ്രാഫ്റ്റിങ്, എഡിറ്റിങ്, പ്രിന്‍റിംഗ്, വിതരണം എല്ലാം അണ്ടര്‍ ഗ്രൗണ്ട് തന്നെ. (ഇത് പോലെ എല്ലാ സം സ്ഥാനങ്ങളിലും അതാത് ഭാഷങ്ങളില്‍ അണ്ടര്‍ ഗ്രൗണ്ട് പത്രങ്ങള്‍ ലോക് സംഘര്‍ഷ സമിതി പ്രസിദ്ധീകരിച്ചിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്ന ഫാസിസ്റ്റ് സെന്‍സര്‍ഷിപ്പിനെ അതിജീവിക്കാന്‍ ഈ അണ്ടര്‍ ഗ്രൗണ്ട് പത്രങ്ങള്‍ക്കു സാധിച്ചു. അടിയന്തിരാവസ്ഥ അനുകൂലികളും സാധാരണ ജനങ്ങളും അതിന്റെ എതിരാളികളും ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥ മേലദ്ധ്യക്ഷന്‍മാരും സത്യ വാര്ത്തകള്‍ അറിയാന്‍ ആശ്രയിച്ചിരുന്നത് ലോക് സംഘര്‍ഷസമിതിയുടെ ഇത്തരത്തിലുള്ള പ്രസിദ്ധീകരണങ്ങളെയാണ്).

ആ കാലത്ത് അദ്ദേഹവുമായി ചേർന്ന് പല യാത്രകളും നടത്താന്‍ അവസരം ലഭിച്ചു. അപ്പോഴെല്ലാം അനുഭവിച്ചത് വിജ്ഞാനത്തിന്റെ പനിനീര്‍മഴകളായിരുനു. ആ കാലത്ത് അദ്ദേഹം നയിച്ച നിരവധി അണ്ടര്‍ഗ്രൗണ്ട് യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ജീവിതവും മരണവും മുഖാമുഖം കണ്ടിരുന്ന ആ കാലത്തെ അപകടവും ദുരിതവും നിറഞ്ഞ ഒളിജീവിതത്തില്‍ ഹരിയെട്ടന്റെ സാന്നിധ്യം തുഷാര വര്‍ഷങ്ങളായിരുന്നു.
അടിയന്തിരാവസ്ഥക്കു ശേഷം ആര്‍എസ്എസ്സിന്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ “കുരുക്ഷേത്ര പ്രകാശന്‍” തുടങ്ങുന്ന പ്രയത്നത്തിനാണ് ഹരിയേട്ടന്‍ നിയുക്തനായത്. അടിയന്തിരാവസ്ഥ കാലത്തെ നിഷ്ഠൂരമായ ഫാസിസ്റ്റ് അതിക്രമങ്ങളെ തുറന്നു കാട്ടിയത് ആ കാലത്തെ കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരങ്ങളാണ്. 1980ല്‍ അദ്ദേഹം കേരള പ്രാന്ത് ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെട്ടു. 1981ല്‍ പ്രാന്ത് പ്രചാരക് കെ. ഭാസ്കര്‍ റാവുജി ഗുരുതരമായി ഹൃദ്രോഗബാധിതനായപ്പോള്‍ ആദ്യം സഹപ്രാന്ത് പ്രചാരക് ആയും പിന്നീട് ആക്ടിങ് പ്രാന്ത് പ്രചാരക് ആയും അദ്ദേഹം നിയമിക്കപ്പെട്ടു. പിന്നീട് ഭാസ്ക്കര്‍ റാവുജി ഹൃദ്രോഗ സര്‍ജറിക്കായി മുംബയിയിലേക്ക് പോയപ്പോള്‍ 1983ല്‍ ഹരിയേട്ടന്‍ പ്രാന്ത് പ്രചാരക് ആയി നിയമിക്കപ്പെട്ടു. 1994 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അതോടൊപ്പം തന്നെ 1990ല്‍ ഹരിയേട്ടന്‍ അഖില ഭാരതീയ സഹബൗദ്ധിക് പ്രമുഖ് ആയി നിയമിതനായി. പിറ്റേ വര്ഷം, 1991ല്‍, അദ്ദേഹം ബൗദ്ധിക് പ്രമുഖ് ആയി നിയമിക്കപ്പെട്ടു. 2005 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1994 മുതല്‍ 2005 വരെ ഏഷ്യയിലെയും ആസ്ട്രേലിയയിലെയും ഹിന്ദു സ്വയംസേവക് സംഘത്തിന്റെ പ്രഭാരിയായിരുന്നു ഹരിയേട്ടന്‍. ഈ ചുമതലയോട് ബന്ധപ്പെട്ട് അദ്ദേഹം അഞ്ചു ഭൂഖണ്ഡങ്ങളില്‍ പെട്ട 22 രാജ്യങ്ങളില്‍ യാത്ര ചെയ്തു. ലിത്വാനിയയില്‍ 2001ല്‍ നടന്ന ക്രിസ്തുപൂര്വ്വ മതങ്ങളുടെ സമ്മേളനത്തില്‍ ഹരിയേട്ടന്‍ പങ്കെടുത്തു. പിന്നീട് 2005ലും 2006ലും അതേ സമ്മേളനം ഭാരതത്തില്‍ നടന്നപ്പോള്‍ ഹരിയേട്ടന്‍ അതില്‍ രണ്ടിലും സജീവമായി പങ്കെടുത്തു. പിന്നീട് അദ്ദേഹം സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി സദസ്യനായി കുറെ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 2006 മുതല്‍ ഹരിയേട്ടന്‍ ആ പദവിയില്‍ തുടര്‍ന്നു. ആ വര്ഷം മുതല്‍ അദ്ദേഹം ഒരു എക്സ്പെർട്ട് കണ്‍സല്‍ട്ടന്‍റ് ആയി തുടരുകയായിരുന്നു.

സംഘത്തിന്റെ സജീവ ചുമതലകളില്‍ നിന്നു വിരമിച്ചതിന് ശേഷം അദ്ദേഹം തന്റെ മുഴുവന്‍ സമയവും പുസ്തക രചനയിലും മുഴുകി വരികയായിരുന്നു. ആരോഗ്യം അനുവദിക്കുന്ന വേളകളില്‍ എല്ലാം പ്രഭാഷണങ്ങളും നടത്തുമായിരുന്നു.മലയാളം, സംസ്കൃതം, ഹിന്ദി, ഇങ്ഗ്ലീഷ്, കൊങ്കണി, മറാത്തി, തമിഴ് എന്നീ ഭാഷകളിലെല്ലാം അദ്ദേഹത്തിന് അസാമാന്യമായ സ്വാധീനമുണ്ടായിരുന്നു. ഉത്തമ എഴുത്തുകാരനായ ഹരിയേട്ടന്‍ മലയാളത്തിലും ഹിന്ദി, ഇങ്ഗ്ലീഷ്, മറാത്തി, കൊങ്കണി തുടങ്ങിയ ഭാഷകളിലും നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം മൂന്നു പുസ്തകങ്ങള്‍ കമ്പൈല്‍ ചെയ്തിട്ടുണ്ട്. പത്രണ്ട് വാല്യങ്ങളുള്ള “ശ്രീ ഗുരുജി സമഗ്ര” അദ്ദേഹം കമ്പൈല്‍ ചെയ്ത പുസ്തകങ്ങളില്‍ പ്രമുഖമാണ്. ശ്രീ ഗുരുജിയുടെ ഹിന്ദി ജീവചരിത്രം ഹരിയേട്ടന്‍റെ മറ്റൊരു പ്രമുഖ കൃതിയാണ്. മുന്‍ പ്രാന്ത പ്രചാരക് യശ:ശരീരനായ കെ. ഭാസ്കര്‍ റാവുവിന്റെ ജീവചരിത്രം ആ മഹദ് വ്യക്തിയെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമാണ്.

“ശ്രീ ഗുരുജി സമഗ്ര” ഏതെങ്കിലും വ്യക്തിയെ കുറിച്ച് ഇത് വരെ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശ്രദ്ധമായ രചനയാണ്. പ്രസ്തുത രചനക്കായി, ദ്വീതീയ സര്‍സംഘചാലക് പരമ പൂജനീയ ഗുരുജി ഗോള്‍വല്‍ക്കര്‍ എഴുതിയ ആയിരക്കണക്കിന് കത്തുകളില്‍ നിന്നു ഏറ്റവും ശ്രദ്ധേയമായ നൂറുകണക്കിനു കത്തുകള്‍ തെരെഞ്ഞെടുത്ത് കൊണ്ടാണ് അത് യോജിപ്പിച്ചത്. സര്‍സംഘചാലക് പദവിയില്‍ ഉണ്ടായിരുന്ന കാലത്ത് (1940 – 1973) ഗുരുജി എഴുതിയ കത്തുകളായിരുന്നു അവ. തന്റെ കത്തുകള്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്പ് അവയെല്ലാം ഒരു സഹായിയാല്‍ വലിയ ലെഡ്ജര്‍ പോലുള്ള പുസ്തകങ്ങളില്‍ പകര്‍ത്തി എഴുതിപ്പിക്കുന്ന ഒരു അസാധാരണ സ്വഭാവം അദ്ദേഹത്തിന്നുണ്ടായിരുന്നു. അദ്ദേഹം നാഗ്പൂരില്‍ നിന്നു അയക്കുന്ന കത്തുകളാണ് ഇപ്രകാരം പകര്‍ത്തപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കത്തുകള്‍ ഇങ്ഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളില്‍ ആയിരുന്നു എഴുതപ്പെട്ടിരുന്നത്. എഴുത്തുകളുടെ തീയതി, അയക്കുന്ന തീയതി, വിലാസം, പോസ്റ്റല്‍ സ്റ്റാമ്പിന്റെ വില എന്നീ വിവരങള്‍ കൃത്യമായി രേഖപ്പെടുത്തുമായിരുന്നു. ഇതിനെ കുറിച്ച് ഹരിയേട്ടന്‍ നര്‍മ്മത്തോടെ പറഞ്ഞത് ആ കോപ്പികളിലൂടെ ഭാരതീയ പോസ്റ്റല്‍ സ്റ്റാമ്പ് വിലകളുടെ ‘പരിണാമം’ മനസ്സിലാക്കാം എന്നായിരുന്നു.

 

 

ഹരിയേട്ടന്‍ രചിച്ച ‘വ്യാസ ഭാരതത്തിലെ ഭീഷ്മര്‍’ സർസംഘചാലക് മോഹൻ ഭഗവത് പ്രകാശനം നിര്‍വ്വഹിക്കുന്നു

ഹരിയേട്ടന്‍ ആ കത്തുകളെല്ലാം കുത്തും കോമയും കൂടാതെ അക്ഷരം പ്രതി വായിച്ചു. അതില്‍ നിന്നു അദ്ദേഹം സംഘചരിത്രത്തിന്റെ ഏറ്റവും സുപ്രധാനമായ നാഴികകല്ലുകള്‍ വേര്‍തിരിച്ചെടുത്തു. അങ്ങിനെയാണ് കേരളത്തിലെ (ഇന്ന് കേരളം ആയി കാണുന്ന ഭൂപ്രദേശം) ആദ്യത്തെ സംഘശാഖ തേങ്ഡിജി കോഴിക്കോട് 1942ല്‍ സ്ഥാപിച്ചതാണെന്ന വിശ്വസം തിരുത്തിയത്. ഗുരുജിയുടെ കത്തുകള്‍ പരിശോധിക്കുമ്പോള്‍, 1941ല്‍ തിരുവനന്തപുരത്ത് പ്രചാരകനായിരുന്ന തെലെക്ജിക്കു അയച്ച കത്തുകള്‍ ഹരിയേട്ടന്‍ കണ്ടെത്തി. തേലെക്ജി ആ കാലത്ത് തിരുവനന്തപുരത്തും കൊല്ലത്തും ശാഖകള്‍ തുടങ്ങിയിരുന്നു. ഒരു സ്വയംസേവകനെ നാഗ്പൂരില്‍ നടന്ന സംഘ ശിക്ഷ വര്‍ഗില്‍ (OTC) പങ്കെടുപ്പിക്കുകയും ചെയ്തു. തെലെക്‍ജി മധ്യപ്രദേശ് സ്വദേശിയായിരുന്നു. തന്റെ അടുത്ത മധ്യപ്രദേശ് യാത്രയില്‍ അദ്ദേഹം തേലെക് എന്ന കുടുംബപേരുള്ള പ്രദേശം കണ്ടെത്തുകയും അവിടെ പ്രസ്തുത പേരുള്ള എല്ലാവരെയും ഫോണ്‍ ഡയറക്റ്ററി നോക്കി വിളിക്കുകയും ചെയ്തു. തല്‍ഫലമായി അദ്ദേഹം ശരിയായ തെലേക്‍ജിയെ കണ്ടെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ജീവിതത്തില്‍ താനൊരിക്കലും കണ്ടിട്ടില്ലാത്ത അഖില ഭാരതീയ ബൗദ്ധിക്‍ പ്രമുഖിനെ തന്റെ വീട്ടിന്റെ പൂമുഖത്ത് കണ്ടപ്പോള്‍ ആ വന്ദ്യ വയോധികന്‍ തേങ്ങിക്കരഞ്ഞു പോയി. താന്‍ പതിറ്റാണ്ടുകള്‍ക്ക് മുന്പ് സംഘപ്രവര്‍ത്തനം നടത്തിയ ഭൂപ്രദേശത്തു നിന്നുള്ള സ്വയംസേവകനാണ് തന്നെ കാണാന്‍ വന്ന അഖില ഭാരതീയ അധികാരി എന്നത് തെലേക്‍ജിയില്‍ ഗൃഹാതുരത്വം ഉളവാക്കി.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ഹരിയേട്ടന്‍ ഉദ്ഘാടനം ചെയ്യുന്നു

പൂജനീയ ഗുരുജിയുടെ ശതാബ്ദി വര്‍ഷത്തോട് (2006) അനുബന്ധിച്ച് “ഗുരുജി സമഗ്ര”യുടെ 12 വാല്യങ്ങള്‍ തയ്യാറാക്കാന്‍ മേല്‍പ്പറഞ്ഞ കത്തുകള്‍ പരിശോധിച്ചു ക്രോഡീകരിക്കാന്‍ ഹരിയേട്ടന്‍ നയിച്ചത് നാഗ്പൂര്‍ വാസികളായ ഒരു ടീമിനെയാണ്. അദ്ദേഹം ഹിന്ദിയിലും മറാത്തിയിലും ഇങ്ഗ്ലീഷിലും എഴുതപ്പെട്ട കത്തുകളില്‍ നിന്നു തെരെഞ്ഞെടുത്ത കത്തുകളുടെ എല്ലാ പ്രാദേശിക ഭാഷകളിലേക്കുമുള്ള തര്‍ജമകള്‍ വിജയകരമായി നടപ്പാക്കി. ഈ ശ്രമകരമായ ജോലിക്കിടയില്‍ 2002ല്‍ അദ്ദേഹത്തിന് മസ്തിഷ്കസംബന്ധിയായ രോഗം ബാധിച്ചു. അദ്ദേഹത്തിന് ഓര്‍മ്മ നഷ്ട്ടപ്പെട്ടു. ഭാഷകളും മറന്നു. ഉടനെ നാഗ്പൂരില്‍ ഉള്ള ന്യൂറോ സര്‍ജന്‍ ആയ ഒരു സ്വയംസേവക ഡോക്റ്റര്‍ അദ്ദേഹത്തെ ശസ്ത്രക്രിയയ്‌ക്കൂ വിധേയനാക്കി. അതോടെ അദ്ദേഹത്തിന് നഷ്ട്ടപ്പെട്ട ഓര്‍മ്മയും ഭാഷകളും എല്ലാം തിരിച്ചു കിട്ടി. “ഗുരുജി സമഗ്ര” അല്പ്പം വൈകിയാലും വേണ്ടത്ര വിശ്രമ മെടുക്കാന്‍ അന്നത്തെ സര്‍കാര്യവഹ് ഡോ. മോഹന്‍ജി ഭാഗവത് നിര്‍ദ്ദേശിച്ചു. എന്നാല്‍, ഹരിയേട്ടന്‍ വെറും രണ്ടു മാസം മാത്രം വിശ്രമം എടുക്കുകയും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ആദ്യം തീരുമാനിച്ച സമയത്തിനും മുന്പ് ഗ്രന്ഥസമാഹാരം പ്രകാശനത്തിന് തയ്യാറാക്കുകയും ചെയ്തു.

 

ഹരിയേട്ടന്‍ രചിച്ച ‘പൃഥ്വിസൂക്ത’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

ഇത്രയും ക്ലേശകരമായ ദൗത്യം വിജയകരമായി നിര്‍വഹിച്ചിട്ടും ഒരു വാല്യത്തില്‍ പോലും തന്റെ പേര് ചേര്‍ക്കേണ്ടതില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്, അവതാരികയിലോ പ്രകാശന കുറിപ്പിലോ പോലും ! ബന്ധപ്പെട്ടവര്‍ പലരും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം ഒരിഞ്ച് പോലും പിന്നോട്ടു പോകാന്‍ തയ്യാറായില്ല. അവസാന കൈ എന്ന നിലയില്‍ ഈ ലേഖകനെ ചിലര്‍ രംഗത്തിറക്കി. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന നല്ല ബന്ധം ഉപയോഗിക്കാന്‍ പറ്റുമോ എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. പക്ഷേ, ഹരിയേട്ടന്‍ മുന്‍തീരുമാനത്തില്‍ പാറ പോലെ ഉറച്ചു നിന്നു. വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിലോ മഹാത്മാ ഗാന്ധിജിയുടെ സംപൂര്‍ണ കൃതികളിലോ അങ്ങിനെ ആരുടെ പേരും ഇല്ല എന്നായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ച ഒരു വാദം.

അവസാനം ഞാന്‍ ആവനാഴിയിലെ അവസാന ആയുധം പുറത്തെടുത്തു: “ഹരിയേട്ടാ, അങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത് ഒരു ഭഗീരഥയത്നമാണ് , ഒരു ഹിമാലയന്‍ ദൗത്യമാണ്. ഈ ശ്രമകരമായ ദൗത്യം എന്തെന്ന് ഭാവി തലമുറ അറിയണം. എങ്കില്‍ മാത്രമേ ഭാവിയില്‍ ഇത്തരം ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കാന്‍ അന്നത്തെ പ്രവര്‍ത്തകര്‍ തയ്യാറാവുകയുള്ളൂ”. ഉടന്‍ വന്നു മറുപടി: “ചരമക്കുറിപ്പ് എഴുതുന്നവര്‍ ആരെങ്കിലും അത് എഴുതാതിരിക്കില്ല”. ഞാന്‍ ആയുധം താഴെ വെച്ചു, നിലം പതിച്ചു.

തന്റെ സംപൂര്‍ണ്ണ ജിവിതത്തിലും ഹരിയേട്ടന്‍ ഇതേ കീര്‍ത്തിപരാങ്മുഖത പാലിച്ചു. എപ്പോഴും വെള്ളിവെളിച്ചത്തില്‍ നിന്നു കാതങ്ങള്‍ ദൂരെ. നിരവധി കനപ്പെട്ട, വിജ്നാനസമ്പന്നമായ ഗ്രന്ഥങ്ങളുടെ രചയിതാവായിട്ടും ഒരു ഗ്രന്ഥകാരന്‍ എന്നറിയപ്പെടാനുള്ള ബോധപൂര്‍വ്വമായ ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചില്ല, മാത്രമല്ല തനിക്ക് വേണ്ടി അങ്ങിനെ ശ്രമിച്ചവരെ അദ്ദേഹം പിന്തിരിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു സുപ്രസിദ്ധ ആത്മീയ പ്രസ്ഥാനം, ആരും ആഗ്രഹിച്ചു പോകുന്ന, തങ്ങളുടെ അവാര്ഡ് ഹരിയേട്ടന് നല്കാന്‍ തീരുമാനിച്ചു. പ്രശസ്തരായ സന്യാസിവര്യന്മാര്‍ അടങ്ങിയ ജൂറി ആയിരുന്നു തീരുമാനമെടുത്തവര്‍. ഹരിയേട്ടന്റെ “സ്വഭാവം” ശരിക്കറിയാവുന്ന സംഘാടകര്‍ ഈ ലേഖകനെ സമീപിച്ചു. ഹരിയെട്ടനെ ശരിക്കറിയാവുന്ന ഞാന്‍ ‘ശ്രമിച്ചു നോക്കാം’ എന്ന മറുപടി മാത്രം നല്‍കി. ഹരിയെട്ടനെ കണ്ടു, കാര്യം പറഞ്ഞു. മറുപടി പ്രതീക്ഷിച്ചത് തന്നെ: “ഞാന്‍ ഒരു പ്രചാരക് ആണ്. അത് കൊണ്ട് അവാര്‍ഡ് സ്വീകരിക്കേണ്ട എന്നതാണ് എന്റെ തീരുമാനം”. അത് സ്വീകരിക്കാന്‍ അര്‍ഹനായ ഒരാളുടെ പേരും നിര്‍ദ്ദേശിച്ചു. അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ സന്തോഷമാണെന്നും സംഘാടകരെ അറിയിക്കാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.

കുരുക്ഷേത്ര ബുക്സ് തയ്യാറാക്കിയ ശ്രീ ആർ ഹരി രചനാസമാഹാരം പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിൽ വച്ച് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ സർ സംഘചാലക് പൂജനീയ ഡോ.മോഹൻജി ഭഗവത് പ്രകാശനം ചെയ്യുന്നു.
കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ ശ്രീ സി.കെ രാധാകൃഷ്ണൻ സമീപം.

ഇതേ സ്വഭാവം മൂലം തന്റെ ജന്മദിനം ആചരിക്കാനും അദ്ദേഹം ആരെയും അനുവദിച്ചില്ല. ഒരിക്കല്‍ ഈ ലേഖകന്‍ അടക്കമുള്ള സംഘ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഈ കാര്യത്തിനായി സമീപിച്ചു. അദ്ധേഹത്തിന്റെ മറുപടി പ്രതീക്ഷിച്ചത് പോലെ തന്നെ: “ഞാന്‍ ഒരു പ്രചാരക് ആണ്. അതായത് സന്യാസിയെ പോലെ. സന്യാസിക്കു പൂര്‍വ്വാശ്രമവുമായി എന്ത് ബന്ധം”.

“ഗുരുജി സംഗ്രഹ” സമാഹരിക്കുന്ന പ്രവർത്തി ചെയ്യുന്നതിനിടയില്‍ അദ്ദേഹം കണ്ടെത്തിയ ഒരു വിലയേറിയ നിധിയായിരുന്നു ഗുരുജിയുടെ ഡയറി. ശ്രീ രാമകൃഷ്ണ ദേവന്റെ പതിനഞ്ചു ശിഷ്യന്മാരില്‍ ഒരാളും വിവേകാനന്ദ സ്വാമിജിയുടെ ഗുരുഭായിയും തന്റെ ഗുരുവര്യനുമായ സ്വാമി അഖണ്ഡാനന്ദ സ്വാമിജിയില്‍ നിന്നു മന്ത്ര ദീക്ഷ ലഭിച്ചതിനെ കുറിച്ച് ഗുരുജി പ്രസ്തുത ഡയറിയില്‍ പറയുന്നുണ്ട്. “It is the red letter day in my life” എന്നാണ് ആ സുദിനത്തെ കുറിച്ച് അദ്ദേഹം ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1973ലെ ആദ്യ ദിനങ്ങളില്‍ ഗുരുജി എഴുതിയ ഒരു കത്തില്‍ നിന്നു ഹരിയേട്ടന്‍ മനസ്സിലാക്കിയത് അദ്ദേഹം സദാ കൊണ്ട് നടന്നിരുന്ന കുലദേവത വിഗ്രഹവും അഖണ്ഡാനന്ദജിയുടെ വ്യക്തിപരമായ ചില വസ്തുക്കളും അദ്ദേഹം പൂനയിലുള്ള ഒരു അടുത്ത ബന്ധുവിന് അയച്ചു കൊടുത്തിരിക്കുന്നു എന്നാണ്. രണ്ടു വര്‍ഷത്തോളം സര്‍കാര്യവാഹും 33 വര്ഷം സര്‍സംഘചാലകും ആയിരുന്ന കാലങ്ങളില്‍ അദ്ദേഹം രാജ്യം മുഴുവന്‍ വിശദമായി സഞ്ചരിക്കുമ്പോള്‍ ഇവയെല്ലാം അദ്ദേഹം കൊണ്ട് നടക്കുകയും പൂജിക്കുകയും ചെയ്തിരുന്നു. സ്വാമിജി ധ്യാനത്തിനിരിക്കുവാന്‍ ഉപയോഗിച്ചിരുന്ന പുലിത്തോല്‍, അദ്ദേഹത്തിന്റെ കുങ്കുമം മുക്കിയ പാദങ്ങള്‍ പഠിപ്പിച്ച ഒരു ശീല, അദ്ദേഹം ഉപയോഗിച്ചിരുന്ന കൃഷ്ണമൃഗചര്‍മ്മം കൊണ്ടുണ്ടാക്കിയ പാദരക്ഷകള്‍ എന്നിവയും കുലദേവത വിഗ്രഹത്തിനോടൊപ്പം ഉണ്ടായിരുന്നു. ആരോഗ്യം അപകടപരമായി ക്ഷയിക്കുകയും, ഇനി താമസിയാതെ ആ പുണ്യവസ്തുക്കളെ പൂജിക്കാന്‍ സാധിക്കാതെ വരും എന്നും താന്‍ അധികകാലം ജീവിക്കുകയില്ല എന്നും ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് ഗുരുജി അങ്ങിനെ ഒരു തീരുമാനത്തില്‍ എത്തിയത്. ‘അപര ഗോള്‍വല്‍ക്കരുടെ’ വിലാസം കത്തിന്റെ കോപ്പിയില്‍ നിന്നു കിട്ടിയതിനാല്‍ ഹരിയേട്ടന്‍ പൂനയില്‍ അദ്ദേഹത്തെ ചെന്നു കണ്ടു. ഗുരുജിയുടെ പൂജാബിംബങ്ങള്‍ കണ്ടു അദ്ദേഹം വികാരാധീനനായി. മാത്രമല്ല, ഗുരുജിയുടെ ബന്ധു ആ ബിംബങ്ങളെ പൂജിക്കാന്‍ ഹരിയേട്ടന് അവസരം നല്കി. അതീവ വികാരവായ്പ്പോടെയാണ് അദ്ദേഹം അതിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.

ഒന്നര പതിറ്റാണ്ടു മുന്പ് സംഘ ചുമതലകളില്‍ നിന്നു റിട്ടയര്‍ ചെയ്ത ശേഷം ഹരിയേട്ടന്‍ സംഘത്തിന്റെ താത്വിക അടിത്തറക്കു ഒരു പുതിയ മുഖം നല്കി വരികയായിരുന്നു. വിഷയങ്ങളെ അപഗ്രഥിക്കുന്നതിലും താത്വിക പ്രശ്നങ്ങള്‍ക്കും പ്രായോഗിക പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിലും അദ്ദേഹം പ്രദര്‍ശിപ്പിച്ച അനിതരസാധാരണമായ വേഗത അനിര്‍വചനീയമായിരുന്നു. അവിടെയെല്ലാം കംപ്യൂട്ടറിനെ വെല്ലുന്ന തന്റെ ഓര്‍മ്മശക്തി അദ്ദേഹത്തിന് വജ്രസമാന ശക്തി നല്കി.

2021 ഡിസംബറില്‍ ഹരിയേട്ടന്‍ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ഒരു സര്‍ജറിക്ക് വിധേയനായി. അന്ന് അദ്ദേഹത്തെ കാണാന്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മോഹമ്മദ് ഖാന്‍ എത്തിയിരുന്നു. അതവരുടെ രണ്ടാമത്തെ കൂടിയ്‌ക്കാജ്ച്ച ആയിരുന്നു. അടുത്ത ദിവസം തന്നെ ഹരിയേട്ടന്‍റെ ആരാധകന്‍ കൂടിയായ ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും എത്തി. സംസാരത്തിനിടയില്‍ ഗവര്‍ണ്ണര്‍ തന്റെ എഡിസി ആയ നേവി ഒഫ്ഫീസറെ പരിചയപ്പെടുത്തി. ഹരിയേട്ടന്‍ അദ്ദേഹത്തോട് സ്വന്തം നാട് എവിടെ എന്ന് ചോദിച്ചു. അദ്ദേഹം കര്‍ണാടകത്തിലെ തന്റെ ഗ്രാമത്തിന്റെ പേര്‍ പറഞ്ഞു. അടുത്ത ചോദ്യം പിതാവിന്റെ പേരായിരുന്നു. ഒഫ്ഫീസര്‍ അതും പറഞ്ഞു. ഉടന്‍ ഹരിയേട്ടന്‍റെ ചോദ്യം X ജില്ലയില്‍ X വര്ഷം നടന്ന (15 വര്ഷം മുന്‍പുള്ള കാര്യം) നടന്ന സംഘത്തിന്റെ ശിക്ഷാ വര്‍ഗില്‍ (ഓരോ സംസ്ഥാനത്തും തെരെഞ്ഞെടുത്ത പ്രവര്‍ത്തകയ്‌ക്ക് വേണ്ടി നടത്തുന്ന ഒരു മാസം നീണ്ട പരിശീലന ശിബിരം) പങ്കെടുത്ത ആളല്ലെ എന്നായിരുന്നു.

ഹരിയേട്ടന്റെ ‘വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് പ്രകാശനം ചെയ്യുന്നു

സമുന്നത സിപിഎം നേതാവായ എം.എം. ലോറന്‍സും ഹരിയേട്ടനും സ്കൂളില്‍ ക്ലാസ്സ് മെറ്റ്സ് ആയിരുന്നു. അവര്‍ തമ്മില്‍ അവസാനം വരെ കടുത്ത സൗഹൃദമായിരുന്നു. ലോറന്‍സിന്റെ മക്കളോടു ഹരിയേട്ടന് തീവ്രമായ വാല്‍സല്ല്യം ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ കാണാന്‍ വരുകയും പതിവായിരുന്നു. ഹരിയേട്ടനും ലോറന്‍സ് ചേട്ടനും ചേര്‍ന്നാല്‍ ഇരുവരും തങ്ങളുടെ സ്കൂള്‍ കാലം അയവിറക്കുക പതിവായിരുന്നു. കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും ഇരട്ടപ്പേരൂകള്‍ വരെ ചര്ച്ചാ വിഷയമാകും. കൂട്ടത്തില്‍ അന്നത്തെ കുസൃതികളും. ഈലേഖകന്‍ പലപ്പോഴും അതിനു സാക്ഷിയായിട്ടുണ്ട്.

ചുമതലകള്‍ ഒഴിഞ്ഞതിന് ശേഷം മുതിര്‍ന്ന സംഘ നേതാക്കള്‍ പ്രധാനപ്പെട്ട പല കാര്യങ്ങളിലും ഹരിയേട്ടനെ കണ്‍സല്‍റ്റ് ചെയ്തിരുന്നു. സുപ്രധാന സംഘടനാ വിഷയങ്ങളില്‍ മുന്‍ സര്‍സംഘചാലക് കെ.എസ്. സുദര്‍ശന്‍ജി ഉള്‍പ്പെടെയുള്ളവര്‍ ഹരിയേട്ടനെ കണ്ടിരുന്നത് ഒരു മാര്‍ഗദര്‍ശിയായിട്ടായിരുന്നു. ഈ ലേഖകന്‍ മനസ്സിലാക്കിയിടത്തോളം ഇപ്പോഴത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത്തും അത് തന്നെ തുടര്‍ന്നു എന്ന് തോന്നുന്നു. ഒരു ബഹു ഭാഷ വിദഗ്‌ദ്ധനായ ഹരിയേട്ടന്‍ മിക്കവാറും എല്ലാ ഭാഷകളിലും ആശയവിനിമയം നടത്തുമായിരുന്നു. അസാമാന്യ വാഗ്മിയായ അദ്ദേഹം മലയാളം, ഇങ്ഗ്ലീഷ്, ഹിന്ദി, മറാത്തി, സംസ്കൃതം, കൊങ്കണി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രസംഗിക്കുമായിരുന്നു.

മൊത്തം ദേശീയ ശക്തികള്‍ക്കും, പ്രത്യേകിച്ചു ആര്‍എസ്എസ് ആഭിമുഖ്യമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഹരിയേട്ടന്‍ എന്നും പ്രചോദനത്തിന്റെയും അറിവിന്റെയും ബുദ്ധിശക്തിയുടെയും വിജ്നാനത്തിന്റെയും ഓര്‍ജ്ജസ്രോതസ്സായിരുന്നു. പൊതുജനങ്ങള്‍ക്ക് സുപരിചിതമായ മുഖമായിരുന്നില്ലെങ്കിലും, ആര്‍എസ്എസ്സിനും സംഘാഭിമുഖ്യമുള്ള പ്രസ്ഥാനങള്‍ക്കും മാത്രം പരിചിതനായിരുവെങ്കിലും അദ്ദേഹത്തിന്റെ ബൗദ്ധിക സംഭാവനകള്‍ രാജ്യത്തിന്റെ താത്വിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിയ ഇളക്കങ്ങള്‍ അനിഷേധ്യമായിരുന്നു. സംഘാഭിമുഖ്യമുള്ള സംഘടനകള്‍ക്കും പ്രത്യേകിച്ചു ബിജെപീക്കും ഏറെ പ്രിയംകര പദമായ സാംസ്കാരിക ദേശീയതയ്‌ക്കു അദ്ദേഹം ഒരു പുതിയ ദിശ നല്കി. എന്‍ഡിഎ സര്ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയ പ്രാധാന്യമുള്ള പല പരിപാടികളും ഉടലെടുത്തത് കഴിഞ്ഞ മൂന്നിലധികം പതിറ്റാണ്ടുകളായി സംഘം നടത്തി വരുന്ന ചിന്തനങ്ങളുടെ ഫലങ്ങളാണ്. അത്തരം ബ്രയിന്‍സ്റ്റോമിങ്ങുകളുടെയെല്ലാം തലപ്പത്ത് ഹരിയേട്ടന്‍ ഉണ്ടായിരുന്നു.

ഹരിയേട്ടന്‍ ഒരു ബിദ്ധിജീവി മാത്രമായിരുന്നില്ല, ഒരു മാസ്റ്റര്‍ സംഘാടകനുമായിരുന്നു. ഐതിഹാസിക പ്രാന്ത് പ്രചാരകനായിരുന്ന കെ. ഭാസ്കര്‍ റാവുജിക്കു ശേഷം ആര്‍എസ്എസ്സിന്റെയും അനുബന്ധ സംഘടനകളുടെയും വളര്‍ച്ചയ്‌ക്ക് ഹരിയേട്ടന്‍ നല്കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്. ഇന്ന് കേരളം ദേശവിരുദ്ധ ശക്തികളുടെ സ്വര്‍ഗരാജ്യമായി കണക്കാക്കുമ്പോള്‍ ഒരു ചോദ്യം ഉയരുന്നു: “ആര്‍ആര്‍എസ്സ് ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ എന്തു സംഭവിക്കുമായിരുന്നു“? അവിടെയാണ് ഹരിയേട്ടന്‍റെ സംഭാവനകളുടെ പ്രാധാന്യം. സംഘത്തെ ഇഞ്ചിഞ്ചായി വളര്‍ത്തുന്ന കാര്യത്തില്‍ അദ്ദേഹം ഭാസ്ക്കര്‍ റാവുജിയുടെ പ്രവര്‍ത്തനം തുടര്‍ന്നു. അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന നിലക്കു അദ്ദേഹം, താന്‍ കേരളത്തില്‍ തുടര്‍ന്നു വന്നിരുന്ന പ്രവര്‍ത്തനം അഖില ഭാരതീയ തലത്തില്‍ ഒരു പുതിയ ഡൈമെന്‍ഷനില്‍ തുടര്‍ന്നു.

ഹരിയെട്ടനില്ലാത്ത ഒരു ലോകം അചിന്തനീയം എന്ന് മാത്രമേ പറയാന്‍ കഴിയൂ. കനമേറിയ വിഷയങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞു വിശദീകരിക്കുന്ന ആസ്വാദ്യകരമായ വിദ്യകള്‍ ……….. പ്രതിസന്ധികളെ ലളിതമായി പരിഹരിക്കുന്ന മാന്ത്രികവൈദഗ്‌ദ്ധ്യം …….
ഹരിയേട്ടന്‍റെ ബൗദ്ധിക ഇടപെടലുകള്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഇതിഹാസങ്ങളിലും തത്വ ശാസ്ത്രങ്ങളിലും പടര്‍ന്ന് നിന്നു. അദ്ദേഹം രചിച്ച ഗുരുജി ഗോള്‍വല്‍ക്കര്‍ ജീവചരിത്രം, അദ്ദേഹത്തെ കുറിച്ചു രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും നല്ല കൃതികളില്‍ ഒന്നാണ്. അദ്ദേഹം രചിച്ച “വിഷ്ണു സഹസ്രനാമ” ആഖ്യാനം എല്ലാ ഭക്തര്‍ക്കും ഉപയോഗപ്രദമായ ഒരു രചനയാണ്. “ഭഗവദ് ഗീത നിഘണ്ടു” ഒരു അനുപമ രചനയാണ്. സംസ്കൃതം അറിയാത്തവര്‍ക്ക് പോലും ഗീത പഠിക്കാന്‍ ഈ പുസ്തകം സഹായകമാണ്. “Awake, Awake, Great India” എന്ന ശീര്‍ഷകത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ ഉദ്ധരണികള്‍ നിറഞ്ഞ ഗ്രന്ഥം, 2500 പേജില്‍ പരന്നു കിടക്കുന്ന നിവേദിതയുടെ സംപൂര്‍ണ്ണകൃതികളൂടെ അഗാധമായ പഠനത്തിന്റെ ഫലമാണ്.

കോഴിക്കോട് കേസരി മാധ്യമ പഠനകേന്ദ്രത്തിന്റെ ഉൽഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ.ഹരിയേട്ടന്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

നിരവധി തലമുറകളായി നമ്മുടെ നാട്ടുകാര്‍ വായിക്കുകയും പഠിക്കുകയും മനസ്സിന്റെ ഉള്ളറകളില്‍ പ്രതിഷ്ടിക്കുകയും ചെയ്തിട്ടുള്ള പല വിശ്വാസങ്ങളെയും കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണങളാണ് ഹരിയേട്ടന്‍റെ പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ മനസ്സും ദൃഷ്ട്ടികളും അസാമാന്യമായി സൂ ക്ഷ്മമായിരുന്നു. അവയ്‌ക്ക് സൂപ്പര്‍സോണിക് വേഗതയും മൈക്രോസ്കോപിക് കൃത്യതയുമുണ്ടായിരുന്നു. അതുകൊണ്ടാണ് നമ്മുടെ ഇതിഹാസങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള സഹസ്രാബ്ദങ്ങളായുള്ള പല തെറ്റായ വിശ്വാസങ്ങളെയും തിരുത്തി എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. “മഹാഭാരതത്തിലെ പറയപ്പെടാത്ത നേരുകള്‍” എന്ന ഗ്രന്ഥം ഇതിന് ഉത്തമമായ മാതൃകയാണ്. ദുര്യോധനന് മയന്‍-നിര്‍മ്മിതമായ കൊട്ടാരത്തില്‍ വന്നപ്പോള്‍ സ്ഥല-ജല വിഭ്രമം ഉണ്ടായെന്നും അതിന്റെ ഫലമായി അതു കണ്ട് ദ്രൗപദി ഉറക്കെ പൊട്ടിച്ചിരിച്ചുവെന്നുമാണല്ലോ നാം കേട്ടിരിക്കുന്നത്. മഹാഭാരതയുദ്ധം ഉണ്ടാവാന്‍ ഒരു സുപ്രധാന കാരണം ആ പൊട്ടിച്ചിരിയാണെന്നും നാം കേട്ടു വരികയായിരുന്നു. തലനാരിഴ കീറിമുറിച്ചുള്ള പഠനങ്ങള്‍ക്ക് ശേഷം ഹരിയേട്ടന്‍ കണ്ടെത്തിയത് മേല്പറഞ്ഞ ധാരണ തെറ്റാണെന്നായിരുന്നു. അദ്ദേഹം കാര്യകാരണ സഹിതം തെളിയിച്ചത് ദുര്യോധനന്‍, മയന്‍ നിര്‍മ്മിച്ച കൊട്ടാരത്തിലെ സ്ഥല-ജല വിഭ്രമത്തില്‍ വീഴുമ്പോഴൊന്നും ദ്രൗപദി ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല എന്നാണ്. അവിടെ ഉണ്ടാവാത്ത ആള്‍ ചിരിയ്‌ക്കുന്നതെങ്ങിനെ. ആ സമയത്ത് അവിടെ ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ല എന്നാണ് ഹരിയേട്ടന്‍ സമര്‍ധിക്കുന്നത്.

മഹാഭാരത്തെയും രാമായണത്തെയും അധികരിച്ച് ഹരിയേട്ടന്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയിലെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി സഹസ്രാബ്ദങ്ങളായി നില നിന്നു വന്ന സങ്കല്‍പ്പങ്ങള്‍ക്കു അദ്ദേഹം പുതിയ വ്യാഖ്യാനം നല്കി. “മഹാഭാരതത്തിലെ യുധിഷ്ട്ടിരന്‍” എന്ന ഗ്രന്ഥം യുധിഷ്ട്ടിരന് കൂടുതല്‍ പ്രാധാന്യം നല്കുന്നു.
“മഹാഭാരതത്തിലെ കര്‍ണനില്‍” കൂടുതല്‍ പ്രാധാന്യം കര്‍ണ്ണനാണ് ഹരിയേട്ടന്‍ നല്കിയിരിക്കുന്നത്. കര്‍ണ്ണനെ . അദ്ദേഹം അവതരിപ്പിക്കുന്നത് ഒരു നൂതന ശൈലിയിലാണ്. “മഹാഭാരതത്തിലെ വിദുരര്‍”, “വ്യാസ മഹാഭാരതത്തിലെ ദ്രൗപദി“, “വ്യാസ ഭാരതത്തിലെ ഭീഷ്മര്‍”, “വ്യാസ ഭാരതത്തിലെ നാരദന്‍”, വ്യാസ ഭാരതത്തിലെ ശ്രീകൃഷ്ണന്‍” എന്നീ ഗ്രന്ഥങ്ങളില്‍ മേല്പറഞ്ഞ വീരനായകരെ ഏറെ വ്യത്യസ്ഥവും നൂതനവുമായ ഒരു ആംഗിളിലൂടെയാണ് ഹരിയേട്ടന്‍ അവതരിപ്പിക്കുന്നത്. “രാമായണത്തിലെ സുഭാഷിതങ്ങള്‍”, “ഭാരതസ്ത്രീയുടെ ഇന്നലെകള്‍”, “ഭാരതസാഹിത്യത്തിലെ അനന്തപ്രവാഹം”, “വാല്‍മീകി രാമായണം : അകവും പുറവും” എന്നിവ അനശ്വര രചനകളാണ്; അവ എപ്പോഴും ഉപയോഗിക്കാവുന്ന ഉദ്ധരണികളാണ്.

ഇ. ശ്രീധരന്‍ ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’ പ്രകാശനം ചെയ്യുന്നു 

ഹരിയേട്ടന്‍ രചിച്ച ഗുരുജി ഗോള്‍വല്‍കര്‍ ജീവചരിത്രവും സംഘ സ്ഥാപകന്‍ ഡോക്റ്റര്‍ജിയുടെ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളും സംഘ ചരിത്രത്തിലെ നിര്‍ണ്ണായകമായ നാഴികക്കല്ലുകളിലേക്കു പ്രകാശം വീശുന്നു. ”ശ്രീ ഭദ്രകാളി ചരിത്രം” ദൈവവിശ്വാസത്തിന്റെ വെള്ളിവെളിച്ചം വീശുന്ന ഉത്തമകൃതിയാണ്. “മാറ്റുവിന്‍ ചട്ടങ്ങളെ” എന്ന ഗ്രന്ഥം കാലഹരണപ്പെട്ട സാമൂഹിക ക്രമങ്ങള്‍ക്കെതിരെയുള്ള യുദ്ധകാഹളമാണ്. “വന്ദേ ഭാരതത്തിന്റെ കഥ” സ്വാതന്ത്ര്യ സമരത്തിന്റെയും ആ ദേശീയ ഗീതത്തിന്റെയും ചരിത്രമാണ്. “ഇനി ഞാന്‍ ഉണരട്ടെ” എന്ന ഗ്രന്ഥം ശരിയായ പാതയിലൂടെ യുവസമൂഹത്തെ നയിക്കാനുള്ള ഉദ്യമമാണ്. “രാഷ്‌ട്രവും സംസ്കാരവും” രാഷ്‌ട്രവും അതിന്റെ ചരിത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഒരു പഠനമാണ്.
ഹരിയേട്ടന്‍ മറ്റ് ഭാഷകളില്‍ നിന്നു നിരവധി പുസ്തകങ്ങള്‍; മലയാളത്തിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്.സ്വാമി വിവേകാനന്ദജിയുടെ ചിന്തകള്‍ ക്രോഡീകരിച്ചു ആദരണീയ എക്‍നാഥ് റാനാഡേജി രചിച്ച “Rousing Call to Nation” എന്ന ഗ്രന്ഥം ഹരിയേട്ടന്‍ യൗവ്വന കാലങ്ങളില്‍ ചെയ്ത ഒരു തര്‍ജമയാണ്. ഹരിയേട്ടന്‍റെ ഗൗരവമേറിയ ഒരു തര്‍ജമയാണ് ശ്രീപദ് പോതാര്‍ സാത് വലേക്കര്‍ജിയുടെ “വൈദിക് രാഷ്‌ട്ര ശാസന്‍”. മലയാള തര്‍ജമയുടെ പേര്‍ “രാഷ്‌ട്രചിന്തനം വേദങ്ങളില്‍”. വേദങ്ങളിലെ രാഷ്‌ട്ര സങ്കല്‍പം എന്നതാണു പുസ്തകത്തിന്റെ തീം.

ഹരിയേട്ടന്‍ രചിച്ച പുസ്തകങ്ങളുടെ പട്ടിക കൂടി ഇവിടെ കൊടുക്കുന്നു:
1) മലയാളത്തിലേക്കുള്ള തര്‍ജമ : 9
ഉത്തിഷ്ഠ ഭാരത (Rousing Call to Nation [ഇങ്ഗ്ലീഷ്])
കേശവ സംഘ നനിര്‍മ്മാത (മറാത്തി)
ഡോ. ഹെഡ്ഗേവാര്‍ -തെരെഞ്ഞെടുത്ത കത്തുകള്‍ (മറാത്തി- ബി.എന്‍. വരാന്‍പാണ്ഡെ.
സംഘ കാര്യപദ്ധതിയുടെ വളര്‍ച്ചയും വികാസവും (മറാത്തി) – ബി.എന്‍.വരാന്‍പാണ്ഡെ
തെരെഞ്ഞെടുത്ത ലേഖനങ്ങള്‍ (മറാത്തി) – ഹിന്ദു സംസ്കൃതി) by ശ്രീപദ് പോതാര്‍ സാത് വലേക്കര്‍ജി
ഡോ. ഹെഡ്ഗേവാറിന്റെ വിശാലമായ ജീവചരിത്രം (മറാത്തി) – ഡോ. എസ്.എ. ഗോദ്ബോലെ

സംസ്കൃതത്തില്‍നിന്നുള്ള തര്‍ജമകള്‍
1) ശങ്കരാചാര്യരുടെ പ്രശ്നോത്തരി (പദ്യം)
2) ലൗകിക ന്യായാഞ്ജലി (ഹിന്ദി) – കേണല്‍ ജേക്കബ് (1905)
3 )ഭീഷ്മഗീത (Under print) (സംസ്കൃതം)
Anti Emergency Struggle in Kerala (Papers & Documents.)
കേരളത്തിലെ അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിന്റെ രക്ത സാക്ഷികളും ദുരിതാനുഭവസ്ഥവും (അനുഭവങ്ങള്‍) (ഹിന്ദി)
ശ്രീ ഗുരുജി സമഗ്ര (12 വാല്യങ്ങള്) (നാഗ്പൂര്‍ പബ്ലിക്കേഷന്‍)
പ്രചാരക് പാഥേ (ഗുരുജി ഗോള്‍വല്‍ക്കരുടെ തെരെഞ്ഞെടുത്ത കത്തുകള്‍)
Sri Guruji Drishti and Darshan (Selections from 12 volumes mentioned above.) (ഇങ്ഗ്ലീഷ്)
Translation of the same in English – Sri Golwalkar – His Vision & Mission.
Arise, Awake (Nivedita’s quotes from Nivedita’s)

മലയാളം (ലിസ്റ്റ് അപൂർണ്ണം )

1. ഡോക്ടര്‍ജിയുടെ കത്തുകൾ.
2. To Youth (32 pieces)
3. ഇനി ഞാന്‍ ഉണരട്ടെ
4. RSS and Hindu Awakening.
5. ഗുരുജി ഗോള്‍വല്‍ക്കര്‍ – ജീവചരിത്രം
6. At the Feet of Mother – Elucidation of Sangh Prayer.
7. വന്ദേമാതരത്തിന്റെ കഥ
8. വിഷ്ണു സഹസ്ര ഞാമം ആഖ്യാനം
9. ഭഗവദ് ഗീതാ നിഘണ്ടു
10. ഭാരത രാഷ്‌ട്രത്തിന്റെ അനന്തപ്രവാഹം
11. വിചാരസരണി (Special view points of Sangh founder) -1989
12. നരസിംഹ സ്തുതി
13. വോൾഗ ഗംഗയിൽ ചേരുന്നു
14. ഗോവയിലെ മതം മാറ്റം കഥയും വ്യഥയും
15. വാല്മീകീ രാമായണം അരുളും പൊരുളും
16. മഹാഭാരതം പറയപ്പെടാത്ത നേരുകള്‍
17. വ്യാസഭാരതത്തിലെ ശ്രീകൃഷ്ണന്‍
18. മാറ്റുവിന്‍ ചട്ടങ്ങളെ
19. ഭാസ്കര റാവുജിയുടെ ജീവചരിത്രം
20. കേശവാഷ്ടകം
21. വ്യാസഭാരതത്തിലെ കര്‍ണ്ണന്‍
22. വ്യാസഭാരതത്തിലെ ദ്രൗപദി
23. ഭാരതസ്ത്രീയുടെ ഇന്നലെകൾ
24. വ്യാസഭാരതത്തിലെ വിദുരർ
25. നൽമൊഴി തേൻമൊഴി
26. വ്യാസഭാരതത്തിലെ നാരദര്‍
27. വ്യാസഭാരതത്തിലെ ഭീഷ്മര്‍
28. വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍
29.പരമഹംസ പ്രതിധ്വനികൾ
30. രാമായണത്തിലെ സുഭാഷിതങ്ങള്‍ (മലയാളം)
31 .രചനാ സമാഹാരം – ആര്‍ ഹരി
32 . ശ്രീഭദ്രകാളി ചരിതം
33 .രാഷ്‌ട്രവും സംസ്കാരവും
34. രാഷ്‌ട്രചിന്തനം വേദങ്ങളില്‍

ഹിന്ദി
1. ധരം കീ അവധാരണ
2. സമര്‍പ്പന്‍
3. അപ്നാ കേരള്‍ (1984)
4. മാ കേ ചരണോമ് പര്‍
5. ശ്രീ ഗുരുജി ജീവന്‍ ചരിത്ര
6. സ്മൃതി പാരിജാത്
7. ധര്‍മ ഔര്‍ സംസ്കൃതി
8.മാതാന്തരന്‍ പരാവര്‍ത്തന്‍ ഔര്‍ ആത്മാസാക്ഷാകാര്‍
9. പതിക് ഔര്‍ പാഥേ (വിമര്‍ഷ് പ്രകാശന്‍, ന്യൂ ഡെല്‍ഹി)
10. ഹം നിര്‍മങ്കാര ഹേ യാ സൃജനകര്‍ത്ത – വിദ്യാഭാരതി – കുരുക്ഷേത്ര (2019)
11. ഭാരതീയ നാരീ – എക് വിഹാങ്ഗം അവലോകന്‍ – ദൃഷ്ടി സ്ത്രീ അദ്ധ്യായന്‍

കൊങ്കണി
വിസ്താപനാച്ചി കഥാ (Exodus from Goa)
ഖണ്ഡകാവ്യം
ഇങ്ഗ്ലീഷ്
1) Thoughts on Jnaneswari – The Maiden Translation of Gita
2) Prithivi Sooktam – Interpretation

ടി. സതീശന്‍, കൊച്ചി

Tags: r hari
ShareTweetSendShare

More News from this section

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest News

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies