കൊച്ചി: കളമശ്ശേരി സാമ്രാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നത് കേരളത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്താത്ത വിധമുള്ള ഭീകരസംഭവമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സംഭവത്തിൽ ഇന്റലിജൻസിന്റെ വീഴ്ചയാണെന്ന് പറയാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് അപമാനകരമായ സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്റെ സാമൂഹിക ജീവിതത്തെ അലങ്കോലപ്പെടുത്താനുള്ളശ്രമമാണ് ഇത്തരത്തിൽ ഒരു സംഭവത്തിലൂടെ അരങ്ങേറുന്നതെന്ന് ജയരാജൻ പറഞ്ഞു.
കളമശ്ശേരിയിലുണ്ടായത് ഞെട്ടിപ്പിക്കുന്ന ഭീകര സംഭവമാണ്. ഒരു കുറ്റവാളിയേയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സമൂഹമാദ്ധ്യമങ്ങൾ ജാഗ്രതയോടെ കാര്യങ്ങൾ കാണാണം. ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള ഒരു സന്ദേശവും പങ്കുവെക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ പി ജയരാജൻ ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. വന്ദേഭാരതിലായിരിക്കും അദ്ദേഹം കളമശ്ശേരിയിൽ എത്തുക.
അതേസമയം കളമശേരി യഹോവാ കൺവെൻഷൻ സെന്ററിൽ പൊട്ടിയത് ടിഫിൻ ബോക്സുകളിൽ സജ്ജമാക്കിയ ബോംബുകൾ. ഇതോടെ പ്രാർത്ഥനാ ഹാളിൽ നടന്നത് ആസൂത്രിതമായ സ്ഫോടനം തന്നെയാണെന്ന് വ്യക്തമാവുകയാണ്. ഉഗ്ര സ്ഫോടനം ഉണ്ടാക്കാൻ കഴിവുള്ള ഐഇഡിയുടെ അവശിഷ്ടങ്ങൾ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തി.
നിലവിൽ മൂന്ന് പേരുടെ അവസ്ഥ അതീവ ഗുരുതരമാണ്. ഒരു കുട്ടിയടക്കം മൂന്നുപേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുന്നത്. ഇന്ന് രാവിലെയാണ് പ്രർത്ഥന കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊട്ടിത്തെറിയിൽ മരിച്ചത് സ്ത്രീയാണെന്നാണ് പ്രഥമിക വിവരം. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2500 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് വിവരം.