തിരുവനന്തപുരം∙കളമശ്ശേരിയിലെ യഹോവാ സാക്ഷികളുടെ കൺവെൻഷനിടയിലുണ്ടായത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. സ്ഫോടനത്തിനായി ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കുവെന്ന് അദ്ദേഹം മാദ്ധ്യമാങ്ങളോട് പറഞ്ഞു.
ആസൂത്രിതമായ ആക്രമണമാണുണ്ടായത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും ഡിജിപി കൂട്ടിച്ചേർത്തു. ടിഫിൻ ബോക്സിനുള്ളിലാണു സ്ഫോടകവസ്തു വച്ചതെന്നു പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിദ്ധ്യമുണ്ടെന്നും പോലീസ് അറിയിച്ചു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ കേന്ദ്ര നിർദ്ദേശം. പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എൻ എസ് ജി സംഘത്തോടും അന്വേഷണം നടത്താന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എൻ ഐ എയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ അതീവ ഗൗരവമായാണ് കേന്ദ്രം നോക്കികാണുന്നത്.
യഹോവാ സാക്ഷികളുടെ കൺവൻഷനിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില് ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്.















