കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കി പോലീസ്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന ആരംഭിച്ചു. റെയിൽവേ പോലീസാണ് പരിശോധന നടത്തുന്നത്. കൊച്ചി, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ഡോഗ് സ്ക്വാഡും സംഘത്തിലുണ്ട്. പരിശോധനയ്‌ക്ക് ശേഷമാണ് യാത്രക്കാരെ കടത്തി വിടുന്നത്. തലസ്ഥാനത്തും പോലീസ് പരിശോധന ശക്തമാക്കി. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ടെക്നോപാർക്ക്, ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയിടങ്ങളിൽ പരിശോധന ആരംഭിച്ചു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാർക്കുകളിലും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
കളമശ്ശേരിയിലെ യഹോവാ സാക്ഷികളുടെ കൺവെൻഷനിടെ രാവിലെ 9.30 ഓടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ടിഫിൻ ബോക്സിനുള്ളിൽ ഐഇഡി ഘടിപ്പിച്ചാണ് സ്ഫോടനം നടത്തിയതെന്ന് ഡിജിപി എസ്. ദര്‍വേഷ് സാഹിബ് അറിയിച്ചു. ആസൂത്രിതമായ ആക്രമണമാണുണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനം നടന്ന ഹാളില്‍ 2500ൽ അധികം പേരാണ് ഉണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റ 25 പേരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സ്‌ഫോടനം നടന്ന ഹാളും പരിസരവും പോലീസ് സീല്‍ ചെയ്തു.















