കൊച്ചി: കളമശ്ശേരി ടിഫിൻ ബോംബ് ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് 52 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ്. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പൊള്ളലേറ്റ് ചികിത്സ തേടിയവരിൽ 18 പേർ ഐസിയുവിലാണ്. കളമശ്ശേരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ 10 പേർ കഴിയുന്നുണ്ട്. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. 12 വയസുള്ള പെൺകുട്ടിയും ഐസിയുവിൽ ചികിത്സയിലുണ്ട്. പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും 90 ശതമാനം പൊള്ളലേറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു. പരിക്കേറ്റവർക്ക് ലഭ്യമായ എല്ലാ ചികിത്സയും നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കി.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന കർശനമാക്കിയിരിക്കുകയാണ് പോലീസ്. റെയിൽവേ സ്റ്റേഷനുകളിലും ഷോപ്പിംഗ് മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഡോഗ് സ്ക്വാഡ് ഉൾപ്പടെയാണ് പരിശോധന നടത്തുന്നത്. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്ന് രാവിലെ 9.45ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടരെ മൂന്നിടത്ത് സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവം ആസൂത്രിതമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഐ.ഇ.ഡി വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിക്കുന്നത്. കൺവെൻഷൻ സെന്ററിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി എൻഐഎ സംഘം കളമശ്ശേരിയിൽ എത്തിച്ചേർന്നിരിക്കുകയാണ്.















