കൊച്ചി: കളമശ്ശേരി യഹോവ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തിയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുറ്റം സമ്മതിച്ച് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ പ്രതി, ബോംബ് വച്ചത് താനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും സമർപ്പിച്ചിരുന്നു. റിമോട്ടിൽ ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങളും പ്രതി പോലീസിന് നൽകി. ഇതോടെയാണ് ബോംബ് സ്ഫോടനത്തിന് പിന്നിൽ മാർട്ടിൻ തന്നെയാണെന്ന പ്രാഥമിക വിലയിരുത്തലിൽ പോലീസ് എത്തിയത്.
ബോംബ് വച്ചത് താനാണെന്ന് അവകാശപ്പെട്ട് നേരത്തെ ഇയാൾ ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു. ആറ് മാസം നീണ്ട ആസൂത്രണങ്ങൾക്കൊടുവിലാണ് കൃത്യം നടപ്പാക്കിയതെന്നാണ് പ്രതി പറയുന്നത്. ഇന്റർനെറ്റിൽ നോക്കിയാണ് ബോംബുണ്ടാക്കാൻ പഠിച്ചതെന്നും മാർട്ടിൻ അവകാശപ്പെട്ടു. പ്രതിയുടെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. മാർട്ടിന്റെ മൊബൈലിൽ നിന്നാണ് ഇതുസംബന്ധിച്ച തെളിവുകൾ പോലീസിന് ലഭിച്ചിരിക്കുന്നത്. നിലവിൽ പ്രതിയെ കളമശ്ശേരിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. എറണാകുളം തമ്മനം സ്വദേശിയാണ് ഡൊമിനിക് മാർട്ടിൻ.















