ലക്‌നൗ: സ്റ്റമ്പുകള്‍ മൂളി പറന്നു…ഇംഗ്ലണ്ടിന്റെ തലയും വാലും അരിഞ്ഞ് ത്രസിപ്പിക്കുന്ന വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ. ബൗളിംഗ് യൂണിറ്റ് ഒന്നാകെ മിന്നിച്ച മത്സരത്തില്‍ ഇന്ത്യയുടെ വിജയം 100 റണ്‍സിനായിരുന്നു. പേസ് കൊടുങ്കാറ്റായ ഷമിയാണ് ഇംഗ്ലണ്ട് നിരയുടെ ആണിക്കല്ലിളക്കിയത്. ബുമ്രയും കണിശതോയടെ പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലീഷ് മുന്‍നിര ചീട്ടുകൊട്ടാരം പോലെ വീണു. ഫലം അഞ്ചാം തോല്‍വിയോടെ പോയിന്റ് ടേബിളില്‍ പത്താം സ്ഥാനം.34.5 ഓവറില്‍ 129 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി.
പേസര്‍മാര്‍ തുടങ്ങിവച്ച ആക്രമണം പിന്നീട് സ്പിന്നര്‍മാര്‍ ഏറ്റെടുത്തു. ലക്‌നൗവില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ വെള്ളം കുടിച്ചു നിന്ന ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് കൂടാരം കയറുക മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ജോലി. നാലുവിക്കറ്റുമായി ഷമി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റുമായി ബുമ്രയും ഉറച്ച പിന്തുണ നല്‍കി. കുല്‍ദീപ് യാദവിന് രണ്ടും ജഡേജയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു.
ഇന്ത്യയെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അത് 4.5 ഓവറു വരെയെ കാത്തുസൂക്ഷിക്കാനായുള്ളു. 16 റണ്‍സില്‍ നില്‍ക്കെ ഡേവിഡ് മലാന്റെ കുറ്റിത്തെറിപ്പിച്ച് ബുമ്രയാണ് ഇന്ത്യയുടെ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ ഷമി തീക്കാറ്റായി. ജോ റൂട്ടിനെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടു. പിന്നാലെ സ്റ്റോക്‌സിന്റെ സ്റ്റമ്പിളക്കി ഷമി നയം വ്യക്തമാക്കി. 9-ാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയുടെയും കുറ്റി പിഴുതി ഇംഗ്ലണ്ടിന്റെ മുന്‍നിരയെ ഷമി കൂടാരം കയറ്റി. ക്യാപ്ടന്‍ ബട്‌ലറിനെ കുല്‍ദീപ് യാദവ് പവലിയനിലേക്ക് അയച്ചു. 23 പന്തില്‍ പത്തു റണ്‍സായിരുന്നു സമ്പാദ്യം. അഞ്ചോവര്‍ എറിഞ്ഞ ഷമിയ 2 മെയഡനും മൂന്ന് വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ വിട്ടു നല്‍കിയത് വെറും അഞ്ചു റണ്‍സായിരുന്നു.
രണ്ടുവിക്കറ്റുമായി ബുമ്രയും ഒരു വിക്കറ്റുമായി കുല്‍ദീപും ഇംഗ്ലണ്ട് ബാറ്റര്‍മാരെ വരിഞ്ഞുമുറക്കി. റണ്ണെടുക്കാന്‍ പാടുപ്പെട്ടവര്‍ വിക്കറ്റ് കളയാന്‍ തിടുക്കം കൂട്ടുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോ (14), ഡേവിഡ് മലാന്‍ (16), ജോ റൂട്ട് (0), ബെന്‍ സ്‌റ്റോക്‌സ്(0), ജോസ് ബട്‌ലര്‍ (10), മോയിന്‍ അലി (15) എന്നിവരാണ് പുറത്തായ ബാറ്റര്‍മാര്‍.27 റൺസെടുത്ത ലിവിംഗ്സ്റ്റണാണ് ടോപ്പ് സ്കോറർ















