എറാണാകുളം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കേരളത്തിൽ എത്തി. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്‌ക്കുമെതിരെ ദേശീയ ജനാധിപത്യ സഖ്യം നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനുള്ളപ്പടെയുള്ള നേതാക്കൾ സ്വീകരിച്ചു. അഴിമതി, സഹകരണക്കൊള്ള, വിലക്കയറ്റം, മാസപ്പടി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടിയാകും ഉപരോധം സംഘടിപ്പിക്കുക.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പശ്ചാതലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും സംസ്ഥാന വ്യാപകമായി സമര പരമ്പര നടത്തുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് സംഘചിപ്പിച്ചിരിക്കുന്നത്. തട്ടിപ്പുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണ്. ഇത് ചൂണ്ടിക്കാട്ടി നവംബർ പത്ത് മുതൽ 30 വരെ സംസ്ഥാനത്തെ പഞ്ചായത്ത്, മേഖലാ തലങ്ങളിൽ 2,000 പ്രചരണയോഗങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.