ധാക്കാ: 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ ആദരിക്കുന്നതിനായി ബംഗ്ലാദേശിലെ അഷുഗഞ്ചിൽ സ്മാരകം ഉയരുന്നു. മാർച്ച് ഏപ്രിൽ മാസത്തോടെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ഉദ്ഘാടനം ചെയ്യും. ബ്രാഹ്‌മൺബാരിയയിലെ അഷുഗഞ്ചിൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന് 2021 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്നായിരുന്നു തറക്കല്ലിട്ടത്.
ചരിത്രനിമിഷത്തെയാണ് സ്മാരകം അടയാളപ്പെടുത്തുന്നത്. 1971-ലെ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ സൈനികരെ ആദരിക്കുന്നതിന് മാത്രമായി ബംഗ്ലാദേശിൽ ഒരു സ്മാരകം ഇത് ആദ്യമായിരിക്കും. ബംഗ്ലാദേശിന്റെ വിമോചനത്തിനായുള്ള യുദ്ധം ദക്ഷിണേഷ്യൻ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ഇന്ത്യൻ സൈനികർ പ്രധാന പങ്കു വഹിച്ചു. ധീരരായ ഇന്ത്യൻ സൈനികരുടെ ത്യാഗത്തിന്റെയും, ബംഗ്ലാദേശിന് ഇന്ത്യയോടുള്ള നന്ദിയുടെയും സ്മരണയുടെയും പ്രതീകമായും സ്മാരകം നിലകൊള്ളും.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സ്മാരകത്തിന്റെ പൂർത്തീകരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിന്റെ ഓർമ്മപ്പെടുത്തലായി സ്മാരകം നിലകൊള്ളും.















