ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് നാണംകെട്ട തോല്‍വി. സ്വന്തം മൈതാനത്ത് മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ചുവന്ന ചെകുത്താന്മാര് തോല്‍വി വഴങ്ങിയത്. രണ്ടു ഗോളുമായി സൂപ്പര്‍ താരം ഹാളണ്ടും 80-ാം മിനിട്ടില്‍ ഗോള്‍ നേടിയ ഫില്‍ ഫോഡനുമാണ് യുണൈറ്റഡിന്റെ വിധിയെഴുതിയത്.
ആഴ്സണലുമായി പോയിന്റില്‍ ഒപ്പമെത്തിയെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തായി മാഞ്ചസ്റ്റര്‍ സിറ്റി. ഗണ്ണേഴ്സ് രണ്ടാം സ്ഥാനത്തും തുടരുകയാണ്. ലീഗിലെ അഞ്ചാം തോല്‍വിയോടെ യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.
സിറ്റിക്ക് മുന്നില്‍ ഉടനീളം ചൂളിപോകുന്ന യുണൈറ്റഡിനെയാണ് മത്സരത്തില്‍ കാണാനായത്. ഒനാനയുടെ ഗംഭീര സേവുകളാണ് സിറ്റിയുടെ ഗോളുകളുടെ എണ്ണം കുറച്ചത്. 26-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ഹാളണ്ട് സ്കോറിംഗിന് തുടക്കമിട്ടത്. 49-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയുടെ പാസില്‍ നിന്ന് തന്റെ രണ്ടാം ഗോളും താരം പൂര്‍ത്തിയാക്കി.