കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ ലിബിനയ്‌ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെ 12.40ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുട്ടിക്ക് മെഡിക്കൽ ബോർഡിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മരുന്നുകൾ നൽകിയിരുന്നത്. മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിലായിരുന്നു കുട്ടിയെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.
എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി (53) എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ച മറ്റ് രണ്ട് പേർ. നിലവിൽ 25ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. ലയോണ ഒറ്റയ്‌ക്കാണ് കൺവെൻഷൻ സെന്ററിലേക്ക് എത്തിയതെന്നാണ് വിവരം. ഇവരുടെ കയ്യിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. വിദേശത്തുള്ള ഇവരുടെ മകൾ ഇന്ന് എത്തുന്നുണ്ട്. ഇതിന് ശേഷം മൃതദേഹം തിരിച്ചറിയുന്നത് അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ ബന്ധുക്കൾക്ക് വിട്ട് നൽകുകയുള്ളു എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
തീവ്രവാദ സ്വഭാവത്തോടെയുള്ള സ്‌ഫോടനമായതിനാൽ എൻഐഎ സംഘവും സ്‌ഫോടനത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം എത്തിയതിന് ശേഷമായിരിക്കും അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത്. നിലവിൽ സ്‌ഫോടനക്കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു കൊണ്ട് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവിട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന് ആണ് സംഘത്തിന്റെ ചുമതല.















