കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടത്തിയതിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ബോംബ് നിർമ്മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കാണെന്നും മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇക്കാര്യം വ്യക്തമായതെന്നും കളമശ്ശേരിയിലെ എആർ ക്യാംപിൽ മാർട്ടിന്റെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
പ്ലാസ്റ്റിക് കവറിലാണ് ഐഇഡി ഉണ്ടാക്കിയത്. പെട്രോൾ, പടക്കം, ബാറ്ററി എന്നിവയാണ് ബോംബ് നിർമ്മിക്കാനായി ഉപയോഗിച്ചതെന്നും ട്രിഗർ ചെയ്യാൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ചെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. ബോംബ് നിർമ്മിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണെന്നാണ് പറയുന്നത്. മാത്രമല്ല ഫോർമാനായതിനാൽ മാർട്ടിന് സാങ്കേതിക അറിവും ഉണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യൂട്യൂബിൽ നിന്നാണ് പഠിച്ചതെന്നാണ് മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ ഇയാളുടെ യൂട്യൂബ് ലോഗിൻ വിവരങ്ങൾ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
എങ്കിലും പോലീസിന് നിരവധി സംശയങ്ങൾ ബാക്കിയാവുകയാണ്. സഭയോടുള്ള പകകൊണ്ട് ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യുമോയെന്ന സംശയവും പോലീസിനുണ്ട്. കൊച്ചി തമ്മനം ജംഗ്ഷന് സമീപം ഫെലിക്‌സ് റോഡില്‍ ഒരു വീടിന്റെ രണ്ടാം നിലയിലാണ് ഇയാളും കുടുംബവും താമസിക്കുന്നത്. അഞ്ചുവര്‍ഷത്തിലേറെയായി വാടകയ്‌ക്ക് താമസിക്കുന്ന മാര്‍ട്ടിനോടൊപ്പം ഭാര്യയും ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്ന മകളുമാണുള്ളത്. മകന്‍ ഇംഗ്ലണ്ടിലാണ് പഠിക്കുന്നത്. നിലവിൽ മാര്‍ട്ടിന്റെ പൂര്‍വകാലചരിത്രം പോലീസ് ചികയുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ ഇയാളുടെ പകമാത്രമാണോയെന്നുമാണ് നിലവിൽ അന്വേഷിക്കുന്നത്.















