അമരാവതി: ആന്ധ്രയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. അപകടത്തിൽ 50 പേർക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവെ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. ആന്ധ്രയിലെ വിശാഖപട്ടണം റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് റെയിൽവെ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. (ഭുവനേശ്വർ – 0674-2301625, 2301525, 2303069, വാൾട്ടയർ – 0891-2885914.)
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാർക്ക് വേണ്ടി പ്രത്യേക ട്രെയിനുകൾ വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി അടിയന്തര ദുരിതാശ്വാസ നടപടികൾക്കും വിജയനഗരത്തിന്റെ അടുത്തുള്ള ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആംബുലൻസുകൾ അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ആന്ധ്രയിലെ വൈശ്യനഗരം ജില്ലയിൽ അലമാൻഡ-കണ്ടകപള്ളി റൂട്ടിൽ പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിലായത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.