തിരുവനന്തപുരം: കളമശ്ശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേരുടെ നില അതീവ ഗുരുതരമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്. പരിക്കേറ്റവർ മെഡിക്കൽ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളതെന്നും അതിൽ 12 പേർ ഐസിയുവിലാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് പുലർച്ചെ മരിച്ച പെൺകുട്ടിയുടെ അമ്മയും സഹോദരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചെറിയ രീതിയിൽ പരിക്കേറ്റവർ രാത്രിയോടെ ഡിസ്ചാർജ് ആയിട്ടുണ്ട്. സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ട സ്ത്രീയുടെ ബന്ധുവിന്റെ ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഗുരുതരാവസ്ഥയിലുള്ളവർക്ക് ആവശ്യമായ എല്ലാ ചികിത്സയും നൽകുമെന്നും വീണ ജോർജ് പറഞ്ഞു.
അതേസമയം, കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ബോംബ് നിർമ്മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റയ്‌ക്കാണെന്നും മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.















