ഗുഹാവത്തി: അസമിലെ ദിമ ഹസാവോ ജില്ലയില്‍ 181 നക്‌സലുകള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി. അസാമില്‍ പ്രത്യേകിച്ചും ദിമ ഹസാവോ ജില്ലയില്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സായുധ ഗ്രൂപ്പായ ദിമാസ നാഷണല്‍ ലിബറേഷന്‍ ആര്‍മി അംഗങ്ങളാണ് കീഴടങ്ങിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് കീഴടങ്ങല്‍.
2021 മെയ് മുതല്‍ 7,200 ലധികം കമ്യൂണിസ്റ്റ് നക്‌സലുകള്‍ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയതായി മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. വിവിധ സായുധ ഗ്രൂപ്പുകള്‍ 1,750 തോക്കുകളാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത് . ഇതില്‍ 400 എണ്ണം അത്യാധുനിക തോക്കുകളാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.
കീഴടങ്ങിയ യുവാക്കള്‍ക്ക് പോലീസിലും മറ്റ് വകുപ്പുകളിലും ജോലി ലഭിക്കാന്‍ ആവശ്യമായ കോച്ചിംഗ് നല്‍കാന്‍ ജില്ലാ കൗണ്‍സിലിനോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദിമഹസാവോ ജില്ലയില്‍ നിന്നുള്ള 50 ലധികം യുവാക്കള്‍ അസം സിവില്‍ പരീക്ഷയില്‍ വിജയിച്ചതായും നിരവധി പേര്‍ക്ക് പോലീസിലും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
നക്‌സല്‍ ഗ്രൂപ്പായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമും അധികം വൈകാതെ ആയുധം വെച്ച് കീഴടങ്ങാന്‍ തയ്യാറാകുമെന്ന പ്രത്യശയും മുഖ്യമന്ത്രി പങ്കുവെച്ചു.കീഴടങ്ങിയ 181 പേര്‍ക്കും ഫിക്‌സഡ് ഡിപ്പോസിറ്റായി 4 ലക്ഷം രൂപയുടെ ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു. ഹാഫ്ലോങ്ങിലെ ജില്ലാ സ്പോര്‍ട്സ് അസോസിയേഷന്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.















