ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘ബാന്ദ്ര’. ദിലീപ് വൻ മാസ്സ് ഗെറ്റപ്പിൽ എത്തുന്ന ബാന്ദ്രയ്‌ക്കായി ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. നവംബർ 10നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ദിലീപും തമന്നയും. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ ദിലീപ് പങ്കുവച്ച രസകരമായൊരു അനുഭവമാണ് സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
View this post on Instagram
ചിത്രത്തിൽ ദിലീപാണ് നൃത്ത രംഗത്തിൽ തമന്നയുടെ ഒപ്പമുള്ളത്. ബാന്ദ്രയിൽ തമന്നയ്‌ക്ക് ഒപ്പമുള്ള ഡാൻസ് രംഗത്തെ കുറിച്ച് മകൾ മീനാക്ഷിയോട് പറഞ്ഞിരുന്നെന്നും ഇത് കേട്ടപ്പോഴുള്ള മകളുടെ പ്രതികരണത്തെ കുറിച്ചുമാണ് ദിലീപ് വേദിയിൽ പറയുന്നത്. സിനിമയുടെ ഏറ്റവും അവസാനമായിരുന്നു പാട്ട് സീൻ ഷൂട്ട് ചെയ്തത്. ആ ഷൂട്ടിംഗിന്റെ അന്നു രാവിലെ മീനാക്ഷിയോട് സംസാരിച്ചപ്പോൾ ലഭിച്ച പ്രതികരണം തന്നെ തളർത്തിയെന്നും ദിലീപ് പറയുന്നു.
“ഷൂട്ടിംഗിന്റെ അന്ന് രാവിലെ ഞാൻ മോളോട് ഷൂട്ടിംഗിന് പോവാണെന്ന് പറഞ്ഞു.
ഇന്നെന്താ എന്ന് മീനൂട്ടി ചോദിച്ചപ്പോൾ…. പാട്ടുണ്ട്, ഡാൻസാണ്, ഞാനും തമന്ന മാമും എന്ന് ഞാൻ ഉത്തരം നൽകി. പിന്നാലെ തന്നെ മീനാക്ഷിയുടെ പ്രതികരണമെത്തി.
അച്ഛാ.. ആ പരിസരത്തൊന്നും പോവേണ്ട കേട്ടോ.. അച്ഛൻ ദൂരെ മാറി നിന്ന് എത്തിയെത്തി നോക്കീട്ടുള്ള പരിപാടിയൊക്കെ ചെയ്‌താൽ മതി… അല്ലേങ്കിൽ ലിറിക് പാടി നടക്കുകയോ മറ്റോ… അല്ലാതെ അവരുടെ അടുത്തേക്ക് പോകരുത് കേട്ടോ. ഞാനൊക്കെ ഇവിടെ ജീവിച്ചോട്ടെ അച്ഛാ… എന്നാണ് മീനൂട്ടി ഉത്തരം നൽകിയത്.
അതുകേട്ട് ഞാനാകെ തളർന്നു,” എന്നാണ് വേദിയിൽ ദിലീപ് പറഞ്ഞത്.
തുടർന്ന് മീനാക്ഷിയുടെ പ്രതികരണത്തെ കുറിച്ച് തമന്നയോട് സംസാരിച്ചിരുന്നെന്നും നടൻ പറയുന്നു. എന്നാൽ , ‘ഏയ് എനിക്ക് ഡാൻസ് തെരിയാത്’ എന്നായിരുന്നു തമന്നയുടെ പ്രതികരണമെന്നും ദിലീപ് പറയുന്നു. അതു കേട്ടപ്പോൾ ആദ്യം സമാധാനം തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ ഡാൻസ് പഠിക്കാത്ത ആൾ ഇത്രയും കളിക്കുമെങ്കിൽ, ഡാൻസ് പഠിച്ചെങ്കിൽ എന്താകും എന്ന് താൻ ആശ്ചര്യപ്പെട്ടെന്നും ദിലീപ് പരിപാടിക്കിടെ പറഞ്ഞു. അതേസമയം ഏഴു വർഷത്തിന് ശേഷമാണ് ദിലീപ് ഒരു നടിക്കൊപ്പം ഡാൻസ് ചെയ്യുന്നതെന്നും എന്നിരുന്നാലും വളരെ നല്ല കെമിസ്ട്രിയാണ് തമന്നയുമായി ഉണ്ടായിരുന്നത് എന്നും ദിലീപ് കൂട്ടിച്ചേർത്തു.
രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാസ് കോംബോ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രതീക്ഷയും. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിനായി അണി നിരന്നിരിക്കുന്നത്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും സിനിമയിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഡോൺ കഥാപാത്രമായാണ് ദിലീപ് എത്തുക. സിനിമയുടെ മാസ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻപറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.















