ആലപ്പുഴ: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ആരംഭിക്കുന്ന പരുമല പള്ളി പെരുന്നാളിന് വൻ സുരക്ഷ. നിലവിൽ പള്ളിയിലും പ്രദേശത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേതുടർന്ന് പള്ളി മാനേജർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പള്ളി കബറിടത്തിലേക്ക് ബാഗുകള്‍, ലോഹനിര്‍മ്മിത ബോക്സുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്.
മേൽപറഞ്ഞ വസ്തുക്കൾ തീര്‍ത്ഥാടകര്‍ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കണമെന്നും സംഘങ്ങളായി എത്തുന്നവർക്ക് സംഘാടകര്‍ ഫോണ്‍ നമ്പറും ഫോട്ടോയും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നൽകണമെന്നും നിർദ്ദേശമുണ്ട്. പോലീസിന്റെയും അംഗീകൃത വോളന്റിയര്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം സുരക്ഷയുടെ ഭാഗമായി ഇന്ന് മുതൽ പള്ളിയുടെ വടക്ക് – കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമേ പ്രവേശനം ഉണ്ടായിരിക്കൂവെന്ന് മാനേജർ പൊതുജനങ്ങളെ അറിയിച്ചു. പള്ളിയുടെ വടക്ക് പടിഞ്ഞാറായി സ്‌കൂളിന് സമീപമുള്ള നാലാം നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമാകും പുറത്തേക്ക് പോകാനാകുക. ഈ ഭാഗത്തുകൂടി അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പള്ളി കോമ്പൗണ്ടില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.















