കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ടും വള്ളവും തമ്മിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട അനശ്വരയുടെ വീട്ടിലെത്തിയ മന്ത്രി വി.എൻ വാസവനു നേരെ നാട്ടുകാരുടെ രോഷ പ്രകടനം. പ്രദേശത്തെ യാത്രാക്ലേശം ചൂണ്ടിക്കാണിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ഇന്നലെയാണ് സർവീസ് ബോട്ടും വള്ളവും കൂട്ടിയിടിച്ച് അനശ്വര മരിച്ചത്. സഹോദരിയോടൊപ്പം സ്‌കൂളിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിൽ അനശ്വരയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയതായിരുന്നു മന്ത്രി.
എന്നാൽ വാസവൻ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്നെ നാട്ടുകാർ മന്ത്രിയെ തടഞ്ഞു വച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു. ഗതാഗത മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മന്ത്രിക്ക് നേരെ നാട്ടുകാർ പ്രതിഷേധം ഉയർത്തിയത്. നാട്ടുകാരുടെ പ്രശ്‌നങ്ങൾ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതിനു ശേഷമാണ് നാട്ടുകാർ പ്രതിഷേധം നിർത്തിയത്.















