റിലയൻസ് ഇൻഡസ്ട്രീസും എസ്ബിഐയും കൈകോർക്കുന്നു. 1,33,000 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ക്രെഡിറ്റ് കാർഡ് സെഗ്മെന്റിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ എസ്ബിഐയുമായി റിയലൻസ് കൈകോർക്കുന്നത്. എസ്ബിഐയുമായി ചേർന്ന് റിലയൻസ് കോ ബ്രാൻഡസ് ക്രെഡിറ്റ് കാർഡുകൾ ഉടൻ പുറത്തിറക്കിയേക്കുമെന്നാണ് വിവരം.
റുപേ നെറ്റ് വർക്കിൽ രണ്ട് ക്രെഡിറ്റ് കാർഡുകളാകും റിലയൻസ് അവതരിപ്പിക്കുക. ‘റിലയൻസ് എസ്ബിഐ കാർഡുകൾ’ എന്നാകും ഇത് അറിയപ്പെടുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിരവധി ഓഫറുകളാകും ഇതുവഴി ലഭിക്കുകയെന്നാണ് വിവരം. മുകേഷ് അംബാനിയുടെ റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിലിന്റെ വൗച്ചറുകളും ഈ ഓഫറിൽ ഉൾപ്പെടും. ജിയോമാർട്ട്, അജിയോ, അർബൻ ലാഡർ, ട്രെൻഡ്‌സ് തുടങ്ങിയ റിലയൻസ് നെറ്റ്‌വർക്കിലുടനീളം വൻ ഓഫറുകൾ ഈ കാർഡ് വഴി ലഭിക്കുമെന്നാണ് വിവരം. കോ-ബ്രാൻഡസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് വൻ കിഴിവുകൾ ഓൺലൈനിലും ലഭിച്ചേക്കാം. മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് വിവരം.
റിയലൻസിന്റെ സാമ്പത്തിക വിഭാഗമായ ജിയോ ഫിനാൻഷ്യൽ സർവീസസ് അടുത്തിടെ വായ്പ, ഇൻഷുറൻസ് മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. ഡെബിറ്റ് കാർഡ് ഓഫറുകളും അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്നാണ് വിവരം.















