ന്യൂഡൽഹി: ആരാധനാലയങ്ങളുടെ 150 മീറ്റർ ചുറ്റളവിനുള്ളിൽ ഇറച്ചിക്കടകൾ അനുവദിക്കില്ലെന്ന ഉത്തരവുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. കഴിഞ്ഞ ദിവസം ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അംഗീകാരം നൽകിയ 54 പ്രമേയങ്ങളിലൊന്നാണിത്. വിഷയത്തിൽ ഇറച്ചി വിൽപ്പനശാലകളുടെ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. പുതിയ ഉത്തരവ് പ്രകാരം ആരാധനാലയങ്ങളിൽ നിന്നും ശ്മശാനങ്ങളിൽ നിന്നും മാംസം വിൽക്കുന്ന കടകളുടെ ഏറ്റവും കുറഞ്ഞ ദൂരപരിധി 150 മീറ്ററായിരിക്കണം. അതേസമയം പുതിയ കടകൾക്ക് അപേക്ഷ നൽകുന്ന വ്യക്തി മസ്ജിദ് കമ്മിറ്റിയിൽ നിന്നോ ഇമാമിൽ നിന്നോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മേടിക്കുകയാണെങ്കിൽ, മുസ്ലീം പള്ളികളുടെ ഈ പരിധിക്കുള്ളിൽ പന്നിയിറച്ചി ഒഴികെയുള്ളവ വിൽക്കുന്ന കടകൾ തുടങ്ങാൻ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
നിലവിൽ ആം ആദ്മി പാർട്ടിയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത്. വെറ്ററിനറി സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. എന്നാൽ ഉത്തരവ് എത്രയും വേഗം ഈ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഡൽഹി മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു.















