ബെംഗളൂരു: വളർത്തു നായകൾ യുവതിയെ കടിച്ച സംഭവത്തിൽ കന്നഡ നടൻ ദർശൻ തൊഗുദ്ദീപയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. 48-കാരിയായ സ്ത്രീയെയാണ് നടന്റെ വളർത്തു നായ്‌ക്കൾ കടിച്ചത്. നടന്റെ ജീവനക്കാരനും നായകളുടെ പരിചാരകനുമായിരുന്ന വ്യക്തിയോടുള്ള തർക്കത്തെ തുടർന്ന് നായക്കളെ അഴിച്ചുവിട്ട് യുവതിയെ കടിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബർ 28-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. പരിപാടി കഴിഞ്ഞ് തിരിച്ച് മടങ്ങുന്നതിനായി തന്റെ കാറിന്റെ അടുത്തെത്തിയപ്പോഴാണ് മൂന്നു നായകളുമായി കാറിന്റെ സമീപത്ത് ഒരാൾ നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. കാറിൽ കയറുന്നതിനായി നായകളെ സ്ഥലത്തു നിന്നും മാറ്റാൻ ആവശ്യപ്പെട്ട സ്ത്രീയോട് നടന്റെ ജീവനക്കാരൻ അപമര്യാദയായി പെരുമാറുകയും നായകളെ വിട്ട് അക്രമിക്കുകയുമായിരുന്നെന്ന് 48-കാരിയുടെ പരാതിയിൽ പറയുന്നു. നായകളുടെ ആക്രമണത്തിൽ സ്ത്രീയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും വസ്ത്രങ്ങൾ കീറി പോവുകയും ചെയ്തു. സംഭവത്തിൽ നടനെതിരെയും താരത്തിന്റെ ജീവനക്കാരനെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു.















