ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. 2024 ഓടെ ഈ സംസ്ഥാനങ്ങളിലെ റോഡുകൾ അമേരിക്കൻ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുളള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകി വരികയാണ്. ഗുവാഹത്തിയിൽ 26 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 17,470 കിലോമീറ്റർ റോഡുകളും ദേശീയ പാതയും നിർമ്മിക്കാനായി 3 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതുവരെ ചിലവാക്കിയത്. സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കുന്നതിനാൽ പദ്ധതികൾ വളരെ വേഗത്തിൽ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്ന് നൽകാൻ കഴിയുന്നുണ്ട്. അസമിൽ റോഡുകളുടെ വികസത്തിനായി ഭൂമി ഏറ്റെടുത്തതും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതും അവിടുത്തെ നയങ്ങൾ കാരണമാണ്. 2024ന്റെ അവസാനത്തോടെ അമേരിക്കയിലേത് പോലുളള റോഡുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘാലയ, നാഗാലാൻഡ് ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ ഭൂനയങ്ങളിൽ മാറ്റം വരുന്നതോടെ കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ 802 കിലോമീറ്റർ ദൂരമുളള 48 പദ്ധതികൾ പൂർത്തീകരിച്ചതായും 40,863 കോടി രൂപയുടെ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. നിലവിൽ 37,700 കോടി രൂപ ചിലവിൽ 1,200 കിലോമീറ്റർ ദൂരം വരുന്ന വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. 2000 കിലോമീറ്റർ അധികം ദൂരം വരുന്ന 136 പദ്ധതികളാണ് അസമിൽ 12,164 കോടി രൂപയ്‌ക്ക് പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോപ് വേ പദ്ധതികളും ജോഗിഘോപയിലെ മൾട്ടിമോഡൽ ഹബ്ബും ഉൾപ്പെടെ ഒരു ലക്ഷം കോടി രൂപ ചിലവിൽ 4,091 കിലോമീറ്റർ ദൈർഘ്യമുള്ള 248 പദ്ധതികൾ അസമിനായി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.