പോർച്ചുഗലിലെ മഡറിയ ദ്വീപ് കുറച്ചു സമയം കടൽപ്പക്ഷികൾക്ക് വേണ്ടി മാറ്റിവെച്ചു. ദ്വീപിലെ അധികൃതരാണ് ഈ കഴിഞ്ഞ ഒക്ടോബർ 30-ന് വൈകുന്നേരം അൽപ്പ സമയം കടൽപക്ഷികൾക്ക് വേണ്ടി മാറ്റിവെച്ചത്. അഞ്ച് മുൻസിപ്പാലിറ്റികളിലെ കൃത്രിമ വെളിച്ചം രാത്രി എട്ട് മുതൽ 11 വരെ അണച്ചാണ് ദ്വീപിലെ അധികൃതർ പങ്കാളികളായത്. പോർച്ചുഗീസ് സൊസൈറ്റി ഫോർ ദ സ്റ്റഡി ഓഫ് ബേർഡ് എന്ന സംഘടനയാണ് ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കടൽ പക്ഷികൾക്ക് സുരക്ഷിത പാതയൊരുക്കുക എന്നതായിരുന്നു ലക്ഷ്യം. കൃത്രിമ വെളിച്ചങ്ങൾ പക്ഷികളുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പൊതുജനങ്ങൾക്ക് കൂടി മനസിലാക്കി നൽകുന്നതിനായിരുന്നു സംഘടന ഈ വഴി സ്വീകരിച്ചത്. ഷിയർവാട്ടർ ഉൾപ്പെടെ നിരവധി കടൽപക്ഷികളാണ് ഇവിടുള്ളത്. രാത്രി എട്ടിനും 11-നും ഇടിയിലാണ് ഇവയുടെ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്നും കടൽ ലക്ഷ്യം വെച്ച് നീങ്ങുന്നത്. ഈ വേളയിൽ കൃത്രിമ വെളിച്ചം ഇവയുടെ യാത്രയ്‌ക്ക് തടസം സൃഷ്ടിച്ചേക്കാം.
ഇത്തരത്തിൽ ആയിരക്കണക്കിന് തെരുവ് വിളക്കുകളുടെ വെളിച്ചം അണച്ചതോടെ പദ്ധതി പൂർണ വിജയത്തിലെത്തി. മഡിയറ ദ്വീപിലെ തന്നെ അസോറിസ്സിലെയും കാനറി ദ്വീപുകളിലും പ്രകാശത്തെ തുടർന്ന് കടൽപക്ഷികളുടെ കുഞ്ഞുങ്ങൾ മുന്നോട്ട് നീങ്ങാനാകാതെ നിലത്ത് വീണ് പരിക്കേൽക്കുന്നത് പതിവാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പദ്ധതി ആവിശ്കരിച്ച് നടപ്പിലാക്കിയത്.