റാഞ്ചി: ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻസിപി ശരദ് പവാർ വിഭാഗം നിയമസഭാംഗമായ കമലേഷ് സിംഗ്. ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കാത്തതിലെ എതിർപ്പാണ് പിന്തുണ പിൻവലിക്കാൻ കാരണം. ഒക്ടോബർ 31നകം ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കി മാറ്റണമെന്നും അല്ലാത്ത പക്ഷം പിന്തുണ പിൻവലിക്കുമെന്നും കമലേഷ് സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ നിരാകരിക്കുകയിരുന്നു.
ഹുസൈനാബാദിനെ പ്രത്യേക ജില്ലയാക്കി മാറ്റുമെന്ന വ്യവസ്ഥയിൽ 2020-ലാണ് സിംഗ് ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാൽ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗദാനങ്ങൾ പാലിക്കുന്നില്ലെന്നും ജനങ്ങളുടെ ആവശ്യം നിറവേറ്റാത്ത സർക്കാരിനൊപ്പം നിൽക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടർന്ന് കമലേഷ് സിംഗ് അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിക്കൊപ്പം ചേർന്നു.
ഝാർഖണ്ഡിലെ സഖ്യ സർക്കാരിന്റെ ഇരട്ടത്താപ്പ് എൻസിപിയും എൻഡിഎയും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും കമലേഷ് സിംഗ് പറഞ്ഞു. സംസ്ഥാനത്ത് അനധികൃത മണൽ ഖനനം ക്രമാതീതമായി വർദ്ധിച്ചെന്നും സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണ് ഇത് വഴിയുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഭരണ സഖ്യത്തിന് 48 എംഎൽഎമാരുടെ പിന്തുണയാണുളളത്. ജെഎംഎമ്മിന് 30, കോൺഗ്രസിന് 17, ആർജെഡിക്ക് ഒന്ന് എന്നിങ്ങനെയാണ് സഭയിലെ അംഗഫലം. ബിജെപിക്ക് 26 ഉം എജെഎസ്യു പാർട്ടിക്ക് മൂന്നും എംഎൽഎമാരാണുള്ളത്. എൻസിപിക്കും സിപിഐഎംഎല്ലിനും ഓരോ അംഗങ്ങൾ വീതവുമുണ്ട്.