ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം. തുടർച്ചയായി രണ്ടാം തവണയും വിജയിക്കുമെന്ന് മേനി പറയുന്നതിനിടെയാണ് സംസ്ഥാനത്ത് കോൺഗ്രസ് സീറ്റ് തർക്കം നേരിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലും അഞ്ചും പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തകർ പ്രതിഷേധത്തിലാണ്. ഇതോടെ പാർട്ടിക്കുള്ളിലെ കടുത്ത ചേരിപ്പോരാണ് മറനീക്കി പുറത്തുവന്നത്. തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിൽ
തിരഞ്ഞെുപ്പ് വരുമ്പോൾ എല്ലാവരേയും സന്തോഷിപ്പിക്കാൻ സാധിക്കില്ലെന്നായിരുന്നു പാർട്ടിയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മുൻപ് പറഞ്ഞത് എന്നാൽ സീറ്റ് ലഭിക്കാത്തവരെ വിവിധ ബോർഡുകളിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞ് തണുപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നേതൃത്വം. 200 നിയമസഭാ സീറ്റുകളിൽ 156 എണ്ണത്തിലേക്കാണ് കോൺഗ്രസ് ഇതുവരെ പേരുകൾ പ്രഖ്യാപിച്ചത്. എന്നാൽ സീറ്റ് ലഭിക്കാത്തതിൽ നിലവിലെ എംഎൽഎമാർ ഉയർത്തുന്ന പ്രതിഷേധം പാർട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മന്ത്രിമാരായ ശാന്തി ധരിവാളും മഹേഷ് ജോഷിയും പാർട്ടി നേതാവ് ധർമേന്ദ്ര റാത്തോഡിന്റെയും പേരുകളാണ് ഇതിൽ തെളിഞ്ഞുകാണുന്നത്. കഴിഞ്ഞ വർഷം പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പിൽ വിമതരാണെന്ന് ആരോപിച്ച് മൂവർക്കും പാർട്ടി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി മാറ്റി നിർത്തിയിരുന്നു. പുറത്തു പോയതിന് പിന്നാലെ തിരികെ ക്യാമ്പിലെത്തിയ സച്ചിൻ പൈലറ്റും കോൺഗ്രസിന് മുന്നിലെ ബാലികേറമലയായി തീരുമെന്നത് സ്പഷ്ടമാണ്.
ഹവാമഹൽ നിയോജക മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ മഹേഷ് ജോഷിക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇതുവരെ സിറ്റ് ലഭിച്ചിട്ടില്ല. ഇതേ ചൊല്ലി ജയ്പൂരിലെ പാർട്ടി ആസ്ഥാനത്ത് വൻ പ്രതിഷേധമാണ് നടന്നത്. ജോഷി വിമതനാണെന്ന് അഭിപ്രായപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കമാൻഡ് നോട്ടീസ് ഇറക്കിയിരുന്നു. ജോഷിയുടെ മകന്റെ പേരിലുള്ള ബലാത്സംഗക്കേസും കൂടി എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി മാറി. ഇത് ഉയർത്തിക്കാട്ടി ഒരു വിഭാഗം ജോഷിയെ വിമർശിച്ച് രംഗത്ത് വന്നു. ഇതോടെ ജയ്പൂർ പ്രസിഡന്റ് ആർ.ആർ തിവാരിക്ക് സീറ്റ് ലഭിച്ചേക്കാനാണ് സാധ്യത.
2022 സെപ്റ്റംബർ 25ന് നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ, സ്വന്തം വസതിയിൽ വിമത എംഎൽഎമാരുടെ യോഗം ചേർന്നതാണ് ധരിവാളിന് വിനയായത്. ഗെഹ്ലോട്ടിന്റെ അടുത്ത സഹായിയും വിശ്വസ്തനുമായ ധരിവാളിന് സീറ്റ് ലഭിക്കാത്തത് വലിയ കോളിളക്കങ്ങൾക്ക് തന്നെ വഴിവച്ചെക്കും. ധർമേന്ദ്ര റാത്തോഡിന്റെ പേരിലുള്ള പ്രതിസന്ധിയെന്താണെന്നോ മത്സരിക്കുമോയെന്നോ ഇപ്പോഴും വ്യക്തതയുണ്ടായിട്ടില്ല.
ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതികൾ തുറന്നുപറഞ്ഞതും പാർട്ടിയെ ഒന്നടങ്കം പ്രതിസന്ധിയിലാഴ്‌ത്തിയതുമാണ് പൈലറ്റിന്റ് സ്ഥിതി വഷളാക്കിയത്. കേന്ദ്രനേതൃത്വം ഇടപെട്ടാണ് സച്ചിനെ തിരികെ ക്യാമ്പിലെത്തിച്ചെങ്കിലും ഗെഹ്‌ലോട്ട് – പൈലറ്റ് വിള്ളൽ മാറിയിട്ടില്ല. സർക്കാരിനെതിരായി നടത്തിയ കലാപത്തെ ഉയർത്തിക്കാട്ടി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ എംഎൽഎമാർ തയ്യാറല്ലെന്നാണ് പൊതുവായി പറയുന്ന വാദമെങ്കിലും ഗെഹ്‌ലോട്ടിന്റെ അപ്രീതിയാണ് സച്ചിന് മുന്നിലെ പ്രതിസന്ധിയെന്നത് പകൽ പോലെ തെളിഞ്ഞു നിൽക്കുകയാണ്. സച്ചിനെ ഒഴിവാക്കനുള്ള ശ്രമങ്ങൾ വിജയിക്കുന്ന പക്ഷം രാജസ്ഥാൻ കോൺഗ്രസ് ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത വിധമുള്ള പിളർപ്പ് പോലും ഉണ്ടായേക്കാം.















