തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പിണറായി സർക്കാർ സുപ്രീംകോടതിയിലേക്ക്. എട്ട് ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുസർക്കാർ റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലുൾപ്പടെ എട്ടെണ്ണം ഗവർണർ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയ സംസ്ഥാന സർക്കാർ ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ പോകാൻ തീരുമാനമെടുത്തത്.
എട്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ലെന്നും അതിൽ മൂന്ന് ബില്ലുകൾ കഴിഞ്ഞ രണ്ട് വർഷമായി പിടിച്ചുവെച്ചിരിക്കുകയാണെന്നും 461 പേജുള്ള റിട്ട് ഹർജിയിൽ സംസ്ഥാന സർക്കാർ പറയുന്നു. ഗവർണറുടെ നടപടി ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് സർക്കാരിന്റെ വാദം. എട്ട് ബില്ലുകളിൽ പലതും ഗവർണറുടെ അധികാരത്തെയും ഇടപെടലുകളെയും ചോദ്യം ചെയ്യുന്നവയായിരുന്നു. സർവ്വകലാശാല നിയമഭേദഗതി ബിൽ, ചാൻസലർ ബിൽ എന്നിവ ഗവർണർക്ക് പൂർണ്ണമായും എതിരാണ്. സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണറെ തൽസ്ഥാനത്ത് നിന്നും നീക്കി സർക്കാരിന്റെ ഇഷ്ടാനുസരണം വിസി നിയമനം സാധ്യമാക്കുന്നതിനും ഇതിനെ ചോദ്യം ചെയ്യാൻ മറ്റാർക്കും അധികാരമില്ലാതാക്കുന്നതുമാണ് പല ബില്ലുകളും.















