ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ആവശ്യത്തിലധികം ഉപ്പ് ഉപഭോഗം രക്തസമ്മർദ്ധം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, ഏറ്റവും പുതിയ ഗവേഷണങ്ങൾ പറയുന്നത് പാകം ചെയ്ത ഭക്ഷണത്തിൽ തളിക്കുന്ന ഉപ്പ് പ്രമേഹത്തിലേക്ക് നയിക്കുമെന്നാണ്. യുകെയിലെ 400,000 ത്തിലധികം മുതിർന്നവരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ മായോ ക്ലിനിക്ക് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പാകം ചെയ്ത ഭക്ഷണത്തിൽ വിതറുന്ന ഉപ്പുകൾ ടേബിൾ സോൾട്ട് എന്നാണ് അറിയപ്പെടുന്നത്. ടേബിൾ സോൾട്ട് ഉപയോഗിക്കുന്ന ആളുകൾക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്ന് ജേണലിൽ വ്യക്തമാക്കുന്നു. “ഉപ്പ് പരിമിതപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും രക്തസമ്മർദ്ധത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ഇത്തരത്തിലുള്ള കണ്ടെത്തൽ ആദ്യമായാണ് ടുലെയ്ൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ നിന്നുള്ള പ്രൊഫസർ ലു ക്വി പറഞ്ഞു. മുതിർന്നവരിൽ ദിവസേനെയുള്ള ഉപ്പിന്റെ ഉപഭോഗം 5 ഗ്രാമിൽ കുറവായിരിക്കണമെന്നാണ് ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നു.
37 നും 73 നും ഇടയിൽ പ്രായമുള്ള 402,982 ആളുകളുടെ ദൈനംദിന ഉപ്പിന്റെ ഉപയോഗ രീതി ഗവേഷണസംഘം വിശകലനം ചെയ്തു. ഇതിൽ 13,000-ത്തിലധികം ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടായി. ഏകദേശം 12 വർഷം എടുത്താണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.
പാകം ചെയ്ത ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നത് “ചിലപ്പോൾ” മാത്രമാണെങ്കിൽ അവർക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത 13 ശതമാനം കൂടുതലാണ്. എപ്പോഴും ഇത്തരത്തിൽ ഉപ്പ് വിതറുകയാണെങ്കിൽ അത് 39 ശതമാനമായി വർദ്ധിക്കും. പ്രായം, ലിംഗഭേദം, ഉയരം, ഭാരം, ഇടുപ്പ് ചുറ്റളവ് എന്നിവയുൾപ്പെടെയുള്ള ശാരീരിക സവിശേഷതകളും പുകവലി, മദ്യപാനം, ശാരീരിക പ്രവർത്തനം, വരുമാനം, വിദ്യാഭ്യാസ നിലവാരം എന്നീ ഘടകങ്ങൾ ഗവേഷണത്തിന്റെ അന്തിമ നിഗമനങ്ങൾക്കായി സംഘം വിലയിരുത്തിയിരുന്നു.